കെടാവിളക്കായി പ്രാര്‍ത്ഥനകളുയര്‍ത്തി സന്യാസിനികള്‍
കാഞ്ഞിരപ്പള്ളി: സുവര്‍ണ്ണ ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസി സമൂഹം പ്രാര്‍ത്ഥിച്ചൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കെടാവിളക്ക് എന്ന പേരിലാരംഭിച്ച പ്രാര്‍ത്ഥനാ ദിനാചരണം രൂപതയിലെ വൈദികര്‍ പൂര്‍ത്തിയാക്കി. ഓരോ വൈദികനും തനിക്കായി നിശ്ചയിക്കപ്പെട്ട ദിനത്തില്‍ ദൈവജനം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ദൈവജനം വൈദികനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പരസ്പര പ്രാര്‍ത്ഥന കൂട്ടായ്മയാണ് ലക്ഷ്യംവച്ചിരുന്നത്. ആരാധന വത്സരമാരംഭിക്കുന്ന മംഗളവാര്‍ത്തക്കാലത്തിലെ ആദ്യം ഞായറാഴ്ചയായ 2022 നവംബര്‍ 27 -ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, തുടര്‍ന്ന് മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരാണ് പ്രാര്‍ത്ഥനാദിനാചരണത്തിന് തുടക്കം കുറിച്ചത്.
പ്രത്യേക പ്രാര്‍ത്ഥനാദിനാചരണങ്ങളില്‍ വൈദികര്‍, സന്യസ്തര്‍, ഇടവകകള്‍, സംഘടനകള്‍ എന്നിവര്‍ ഓരോ ഘട്ടത്തിലും പങ്കുചേരും. പ്രാരംഭമായി രൂപതയിലെ വൈദികര്‍ പൂര്‍ത്തീകരിച്ച പ്രത്യേക പ്രാര്‍ത്ഥനാദിനമാചരണത്തിന്റെ അടുത്ത ഘട്ടത്തില്‍ സന്യാസിനികളാണ് പ്രാര്‍ത്ഥനാ ദിനമാചരിക്കുന്നത്. ആരാധന സന്യാസിനി സമൂഹത്തിലെ സന്യാസിനി ഭവനങ്ങള്‍ പ്രാര്‍ത്ഥനാ ദിനചരണത്തിന് നാളെ മുതല്‍ തുടക്കം കുറിക്കും.
ഓരോ ദിവസവും പ്രത്യേക പ്രാര്‍ത്ഥനാദിനാചരണത്തിനായി നിശ്ചയിക്കപ്പെടുന്ന സന്യാസിനി ഭവനം രൂപതയിലെ എല്ലാ വിഭാഗം ജനത്തെയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും രൂപതാംഗങ്ങള്‍ പ്രസ്തുത സന്യാസിനി ഭവനത്തെ സ്മരിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതാണ്. വ്യത്യസ്ത ശുശ്രൂഷ ദൗത്യങ്ങളുള്ള 39 സന്യാസിനി സമൂഹങ്ങളിലെ 236 സന്യാസ ഭവനങ്ങളിലായി 1687 സന്യാസിനികളാണ് കാഞ്ഞിരപ്പള്ളി രൂപതയില്‍ അര്‍പ്പണബോധത്തോടെ ശുശ്രൂഷ നിര്‍വ്വഹിക്കുന്നത്.
1977 ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലി 2027 ല്‍ പൂര്‍ത്തിയാകുന്നതാണ്. ഇതിനൊരുക്കമായുള്ള വിവിധ കര്‍മ്മ പദ്ധതികളിലൂടെ രൂപത പിന്നിട്ട വഴികളെ അനുസ്മരിക്കുന്നതിനും ദൈവത്തിന് നന്ദി പറയുന്നതിനും കാലഘട്ടത്തിന്റെ വെല്ലുവിളികളെ വിശ്വാസബോധ്യത്തിലതി ജീവിക്കുന്നതിന് കൂടുതല്‍ സജ്ജമാക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.