നന്മ നിറഞ്ഞവൻ കലേശൻ : കളഞ്ഞ് കിട്ടിയ പണം മൂന്നാം തവണയും തിരികെ നൽകി മാതൃകയായി ഓട്ടോറിക്ഷ ജീവനക്കാരൻ; മൂന്ന് പ്രാവശ്യമായി തിരികെ നൽകിയത് രണ്ടര ലക്ഷത്തോളം രൂപ..
പൊൻകുന്നം : ഇത്തവണ കെ.ജി.കലേശൻ തിരികെ നൽകിയത് അൻപതിനായിരം രൂപ. മൂന്നു തവണയായി ] വഴിയിൽ കിടന്ന് കിട്ടിയ പണം കലേശൻ ഉടമസ്ഥർക്ക് തിരികെ നൽകിയതിന്റെ കണക്ക് നോക്കിയാൽ രണ്ടര ലക്ഷത്തോളം രൂപ വരും.
നാടിനാകെ അഭിമാനകരമായ മാതൃകയാണ് പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോറിക്ഷ ജീവനക്കാരനയ അട്ടിക്കൽ പാട്ടുപ്പാറ പനയ്ക്കൽ കെ.ജി.കലേശൻ. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും സത്യസന്ധത കൈവിടാത്ത, നന്മ നിറഞ്ഞ കലേശന്റെ പ്രവർത്തനം ഏവർക്കും മാതൃകാപരമാവുകയാണ്.
വെള്ളിയാഴ്ച രാവിലെ പൊൻകുന്നം തോണിപ്പാറ ചങ്ങാലിക്കുഴി സി.എസ്.ഗോപന്റെ പക്കൽ നിന്നും അൻപതിനായിരം രൂപ പൊൻകുന്നം ടൗണിൽ വച്ച് നഷ്ടപ്പെട്ടു.ഈ പണം കലേശന് വഴിയിൽ കിടന്ന് ലഭിക്കുകയായിരുന്നു.തുടർന്ന് ഇദ്ദേഹം പൊൻകുന്നം പൊലീസിൽ പണം ഏൽപിക്കുകയും ഗോപന് കൈമാറുകയുമായിരുന്നു.നേരത്തെ ടൗണിൽ വച്ച് ചാമംപതാൽ മുട്ടത്തുകവല സ്വദേശിയുടെ ഒരു ലക്ഷം രൂപയും തമ്പലക്കാട് മാന്തറ പള്ളിയുടെ സമീപത്ത് നിന്ന് ഒരു ലക്ഷത്തി ആറായിരം രൂപയും ലഭിച്ചിരുന്നു. ഈ പണവും പോലീസ് സ്റ്റേഷനിൽ ഏല്പിച്ച് ഉടമസ്ഥനെ കണ്ടെത്തി നൽകിയിരുന്നു.