എരുമേലിയിൽ വകുപ്പുകൾ ഒത്തൊരുമയോടെ പ്രവർത്തിക്കണം : ശബരിമല അവലോകന യോഗത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ.
എരുമേലി : ശബരിമല തീർത്ഥാടന ഒരുക്കങ്ങളിൽ എല്ലാ വകുപ്പുകളും കൂട്ടുത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി എരുമേലി ദേവസ്വം ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകകയായിരുന്നു മന്ത്രി. യോഗങ്ങളിൽ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകാറുണ്ടെങ്കിലും നടപ്പാക്കുന്നത് വിവിധ വകുപ്പുകൾ പരസ്പരം പഴി ചാരി നീട്ടിക്കൊണ്ടുപോവുകയാണന്ന് മന്ത്രി പറഞ്ഞു . ആരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ല. രണ്ടു വർഷമായി ഇതുതന്നെ പറയുന്നു.മുൻകൂട്ടി എടുക്കുന്ന തീരുമാനങ്ങളാണ് ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത്. പൊതുമരാമത്തും വാട്ടർ അതോറിറ്റിയും തമ്മിലുള്ളത് എടുത്തുപറയേണ്ട ഒന്നാണെന്നും മന്ത്രി പറഞ്ഞു.
റോഡ്‌പണി മുൻകൂട്ടി തീരുമാനിച്ചു നടപ്പാക്കുന്നതാണ്. വാട്ടർ അതോറിറ്റിയുടെ പണികളും അങ്ങനെ തന്നെ. എന്നാൽ പരസ്പരം ഏകോപനമില്ലാത്തത് പ്രശ്നങ്ങൾക്കിടവരുത്തുന്നു. തീർത്ഥാടനകാലം എന്നുതുടങ്ങുമെന്ന് ഏവർക്കും അറിവുള്ളതാണ്. രണ്ടു വകുപ്പുകളും അവരുടെ പണികൾ മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പാക്കിയാൽ ഇപ്പോഴുണ്ടായിരിക്കുന്ന പരാതികൾ ഒഴിവാകുമായിരുന്നു. ഏതു വകുപ്പുകൾക്കും എന്തു തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാലും അതാത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരം ഉണ്ടാക്കണമെന്ന് മന്ത്രി നിർദേശിച്ചു. സന്നിധാനത്ത് കഴിഞ്ഞവർഷം വിതരണം ചെയ്ത വെള്ളം സംബന്ധിച്ചും മന്ത്രി പരാമർശിച്ചു. മോശം വെള്ളം വിതരണം ചെയ്ത സാഹചര്യം ഉണ്ടായി. മുൻകൂട്ടിയുള്ള ആസൂത്രണം ഇല്ലാത്തതായിരുന്നു അവിടെയും പ്രശ്നം സൃഷ്ടിച്ചത്. ദേവസ്വം ബോർഡിന്റെതടക്കം എടുത്ത തീരുമാനങ്ങളും പ്രവർത്തികളും സമയബന്ധിതമായി തീരുന്നുണ്ടോ എന്നു പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ, വിവിധ വകുപ്പുകൾ
തീർത്ഥാടനകാലത്തോടനുബന്ധിച്ച് എരുമേലി ഉൾപ്പടെ സ്ഥലങ്ങളിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെന്ന് വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വിളിച്ചു ചേർത്ത യോഗത്തിൽ അറിയിച്ചു.
ഇടാത്താവങ്ങളിൽ,24 മണിക്കൂറും പ്രവർത്തിക്കുന്ന കൻട്രോൾ റൂമുകൾ ഉണ്ടാകുമെന്ന് എ ഡി എം അറിയിച്ചു. ശുചീകരണത്തിന് മധുരയിൽ നിന്നുള്ള 175 അംഗ വിശുദ്ധി സേന പ്രവർത്തിക്കും. ചികിത്സാസൗകര്യങ്ങൾക്കായി കോട്ടയത്തും റവന്യൂ കൺട്രോൾ റൂം പ്രവർത്തിക്കും. ചികിത്സാ ചെലവുകൾക്ക് ആദ്യ ഘട്ടമായി 21 ലക്ഷം രൂപ അനുവദിച്ചു.
അഞ്ചു ഘട്ടമായുള്ള പ്രവർത്തനമാണ് പോലീസിന് ക്രമീകരിച്ചിരിക്കുന്നതെന്ന് ജില്ലാ പോലീസ് ചീഫ് കെ കാർത്തിക് അറിയിച്ചു. തുടർച്ചയായുള്ള ഡ്രൈവിംഗാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഇതൊഴിവാക്കുന്നതിന് ഘട്ടം ഘട്ടമായി പോകാനാനുവദിക്കുന്നതും ചുക്ക് കാപ്പി നൽകുന്നതും നടപ്പാക്കും. മുന്നറിയിപ്പ് ബോർഡുകൾ, ഹമ്പുകളുടെ പുനക്രമീകരണം എന്നിവ ദേശീയ പാത, മോട്ടോർ വാഹന വകുപ്പ് എന്നിവയുമായി ചേർന്ന് നടപ്പാക്കിവരുന്നെന്ന് എസ് പി പറഞ്ഞു.
റോഡുകളിലെ സുരക്ഷാ സംവിധാനങ്ങൾക്കുള്ള എസ്റ്റിമേറ്റ് നൽകിയതായി ദേശീയ പാത വിഭാഗം അറിയിച്ചു.
24 മണിക്കൂറും സേവന സന്നദ്ധമായ സൗകര്യങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യകുപ്പറിയിച്ചു. ആവശ്യത്തിന് മരുന്നുകൾ ജീവനക്കാർ എന്നിവ ഉണ്ടാകും. കോയിക്കകാവ്, അഴുത എന്നിവിടങ്ങളിൽ ഓക്സിജൻ പാർലറുകൾ ഉണ്ടാകും.
കോയിക്കകാവു മുതൽ കാളകെട്ടി വരെയുള്ള കാനന പാത ശുചീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. തടയണകളുടെ അറ്റകുറ്റ പണികൾ നടത്തി. വന്യ മൃഗശല്യത്തിൽ നിന്നും രക്ഷക്കായി റെസ്ക്യൂ ടീം പ്രവർത്തിക്കും. വന പാതയിൽ സായുധ സേനാംഗങ്ങൾ കോയിക്കകാവു മുതൽ കാളകെട്ടി വരെ തീർത്ഥാടകർക്ക് സുരക്ഷ നൽകും. നൂറു പേർക്കുള്ള സൗകര്യം മാത്രമാണ് രാത്രികാലത്ത് കോയിക്കകാവിലുള്ളത്. ബാക്കിയുള്ളവർക്ക് പേരൂർത്തോട്, ഇരുമ്പൂന്നിക്കര, താത്കാലിക കടകൾ എന്നിവിടങ്ങളിൽ സൗകര്യം ഉണ്ടാകും.
24 മണിക്കൂറും ശുദ്ധ ജല വിതരണം ഉണ്ടാകുമെന്ന് ജല വിതരണ വകുപ്പ് അറിയിച്ചു. താത്കാലിക ടാപ്പുകൾ ആവശ്യസ്ഥലങ്ങളിൽ സ്ഥാപിക്കും. കാളകെട്ടി ക്ഷേത്രത്തിൽ ശുദ്ധ ജലം എത്തിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ജില്ലാ ഭരണ കൂടത്തിന് നൽകി.
കുളിക്കടവുകളിൽ വെള്ളം മുടങ്ങാതെ എത്തിക്കുന്നതിന് താത് കാലിക തടയണകൾ നിർമ്മിക്കുമെന്ന് ഇറിഗേഷൻ വകുപ്പറിയിച്ചു. മലിനമാകുന്നതനുസരിച്ച് തുറന്നുവിടുകയും വീണ്ടും നിറക്കുകയും ചെയ്യും.
റോഡുകളുടെ അറ്റകുറ്റപണികൾ പൂർത്തിയായി വരുന്നതായി പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
തീർത്ഥാടകരുടെ ആവിശ്യം അനുസരിച്ച് സർവീസുകൾ നടത്തുമെന്ന് കെ എസ് ആർ റ്റി സി അറിയിച്ചു.
എരുമേലി, കാളകെട്ടി എന്നിവിടങ്ങളിൽ എല്ലാ സംവിധാനങ്ങളോടുമുള്ള പ്രവർത്തനം ഉണ്ടാകുമെന്ന് അഗ്നിസുരക്ഷാ സേന അറിയിച്ചു. എരുമേലിയിൽ 35 ഉം കാളകെട്ടിയിൽ 10 ഉം ജീവനക്കാർ ഉണ്ടാകും.
ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നത്തിനും സംവിധാനം ഉണ്ടാകുമെന്ന് ശുചിത്വ മിഷൻ അറിയിച്ചു.
എരുമേലിയിലും അനുബന്ധ മേഖലകളിലും തടസ്സം കൂടാതെയുള്ള വൈദ്യൂതി വിതരണം ഉണ്ടാകുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ട്രാൻസ്‌ഫോർമറുകളുടെ അറ്റകുറ്റപണികൾ നടത്തുകയും ലൈനുകളിലേക്കുള്ള ശിഖരങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
തീർത്ഥാടക മേഖലയിൽ പരിശോധനകൾ കർശനമാക്കുമെന്നും കൺട്രോൾ റൂം പ്രവർത്തനം ഉണ്ടാകുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
സീസൺ തീരും വരെ കർശന പരിശോധന ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ദേവസ്വം അപ്പം അരവണ എല്ലാം പരിശോധന നടത്തും.
മുൻ കാലങ്ങളിൽ എന്ന പോലെ ഇത്തവണയും തീർത്ഥാടകർകാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്ന് ജമാ അത്ത് ഭാരവാഹികൾ അറിയിച്ചു.
ആന്റോ ആന്റണി എം പി, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ അനന്ത ഗോപൻ, ജില്ലാ പോലീസ് മേധാവി കെ കാർത്തിക്,,എഡിഎം നിർമൽ കുമാർ ജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, ജമാ അത്ത് പ്രസിഡന്റ് പി എ ഇർഷാദ്, സെക്രട്ടറി സി എ കരിം, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കടുത്തു.