എലിക്കുളത്തെ സമ്പൂര്‍ണ യു3എ പഞ്ചായത്തായി പ്രഖ്യാപിച്ചു
എലിക്കുളം: സംസ്ഥാന സർക്കാരിന്റെ മികച്ച വയോജന സൗഹൃദ പഞ്ചായത്ത് എന്ന ബഹുമതിക്ക് പിന്നാലെ എലിക്കുളം പഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ യു3എ പഞ്ചായത്തായി എംജി യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചു. മുതിർന്ന പൗരന്മാരെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസ്ഥയിലേക്ക് നയിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജിന്റെ (യു3എ) ഭാഗമാവുകയാണ് എലിക്കുളം. എംജി യൂണിവേഴ്സിറ്റി അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി എറ്റുവാങ്ങി.
ഐയുസിസിഎസ് ഡയറക്ടർ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു. യു3എ മെന്റർ ഡോ. സി. തോമസ് ഏബ്രഹാം ആമുഖപ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. ജോസ്, എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, പഞ്ചായത്തംഗങ്ങളായ ഷേർളി അന്ത്യാങ്കുളം, സൂര്യമോൾ, മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയ്, ആശ റോയ്, ദീപ ശ്രീജേഷ്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, കെ.എം. ചാക്കോ, എംജി യൂണിവേഴ്സിറ്റിയിലെ വിവിധ ഡിപ്പാർട്ടുമെന്റ് തലവന്മാരായ ഡോ. റോബിനെറ്റ് ജേക്കബ്, ഡോ. ടോണി കെ. തോമസ്, യു3എ കേരള കോ-ഓർഡിനേറ്റർ ഗീതാ സാരസ്, പ്രഫ. ജോബി എന്നിവർ പങ്കെടുത്തു