വിമാനത്താവളം: അതിർത്തി നിർണയത്തിന് അറിയിപ്പ് കിട്ടിയില്ലെന്ന് എസ്റ്റേറ്റ് അധികൃതർ
എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്ക് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ അതിർത്തി നിർണയം നടത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് എസ്റ്റേറ്റ് അധികൃതർ. അനുമതി ഇല്ലാതെയുള്ള അതിർത്തി നിർണയവും സർവേ നടപടികളും തടയാൻ സാധ്യതയേറിയ നിലയിലാണ് നിലവിൽ സ്ഥിതിഗതികൾ. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് സർക്കാർ നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിലവിൽ ബിലിവേഴ്സ് ചർച്ചിന്റെ അധീനതയിലാണ് എസ്റ്റേറ്റ്. അതിർത്തി നിർണയ വിഷയത്തിൽ സർക്കാർതലത്തിൽനിന്ന് എസ്റ്റേറ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ടിട്ടില്ലന്നാണ് വിവരം.
അതേസമയം, അടുത്ത ദിവസം അതിർത്തി നിർണയം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മുമ്പ് പദ്ധതിയുടെ കൺസൾട്ടിംഗ് ഏജൻസിയായ ലൂയി ബഗർ കമ്പനിയുടെ പ്രതിനിധികൾ എസ്റ്റേറ്റിൽ സർവേ നടത്താൻ നടത്തിയ നീക്കം എസ്റ്റേറ്റ് അധികൃതർ തടഞ്ഞിരുന്നു.
ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്നു കാട്ടിയാണ് അന്നു തടഞ്ഞത്. തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് എസ്റ്റേറ്റ് മാനേജ്മെന്റുമായി ചർച്ച നടത്തി ധാരണയായ ശേഷമാണ് പിന്നീട് സർവേ നടത്താനായത്. അതിർത്തി നിർണയം നടത്തുന്നത് സംബന്ധിച്ച് കാഞ്ഞിരപ്പള്ളി താലൂക്ക് തഹസിൽദാർക്കും എരുമേലി തെക്ക്, മണിമല വില്ലേജ് ഉദ്യോഗസ്ഥർക്കും അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പറയുന്നു. അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് അധികൃതരും പറഞ്ഞു.
അതിർത്തി നിർണയം പൂർത്തിയാകുന്നതോടെ സ്ഥലം ഏറ്റെടുക്കൽ നടപടികളും നഷ്ടപരിഹാരത്തിനുള്ള മൂല്യനിർണയങ്ങളും ആരംഭിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി എരുമേലിയിൽ എസ്റ്റേറ്റ് മേഖലയിൽ സ്പെഷൽ ഓഫീസ് തുറക്കാനും നീക്കമുണ്ട്. നിലവിൽ അതിർത്തി നിർണയിച്ച് കല്ലിടുന്നതിന് സ്വകാര്യ ഏജൻസിക്കാണ് പദ്ധതിയുടെ നിർമാണച്ചുമതലയുള്ള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ മുഖേനെ ഇ-ടെൻഡർ നൽകി കരാർ നൽകിയിരിക്കുന്നത്.