വനംവകുപ്പ് നടപടി പ്രതിഷേധാർഹം : കത്തോലിക്ക കോൺഗ്രസ്
കാഞ്ഞിരപ്പള്ളി: വന്യമൃഗശല്യത്താൽ വലയുന്ന കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ഡിവിഷനിൽ കാട്ടുപന്നികളെ തുറന്നുവിട്ട വനംവകുപ്പിന്റെ നടപടിയിൽ കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കഴിഞ്ഞ രണ്ടു വർഷമായി മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണ്. കോരുത്തോട് പള്ളിപ്പടി, കൊമ്പുകുത്തി പ്രദേശങ്ങളിൽ പുലിയുടെ ശല്യവും വ്യാപകമാണ്. നിലവിൽ മൂപ്പതിൽപരം കാട്ടാനകളാണ് മേഖലയിൽ തമ്പടിച്ചിരിക്കുന്നത്. ഇതിനിടയിലാണ് കാട്ടുപന്നികളെ പ്രദേശത്ത് ഇറക്കിവിട്ടുകൊണ്ടുള്ള വനംവകുപ്പിന്റെ ക്രൂരത. കർഷകർക്ക് ദുരിതം വിതയ്ക്കുന്ന വനംവകുപ്പിന്റെ നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാസമിതി അറിയിച്ചു.
രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ഫാ. മാത്യു പാലക്കുടി യോഗം ഉദ്ഘാടനം ചെയ്തു. ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, സിനി ജിബു നീറനാക്കുന്നേൽ, റെന്നി ചക്കാലയിൽ, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരേ
നിയമനടപടി സ്വീകരിക്കണം
മുണ്ടക്കയം: മുണ്ടക്കയത്തുനിന്ന് 18 കിലോമീറ്റര്‍ അകലെ ചെന്നാപ്പാറയില്‍ നൂറിലധികം കാട്ടുപന്നികളെ ശബരിമല വനത്തില്‍നിന്ന് പിടിച്ച് ലോറിയില്‍ കയറ്റിക്കൊണ്ടുവന്ന് തുറന്നുവിട്ട നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുണ്ടക്കയം ഫൊറോന എകെസിസി-പിതൃവേദി യൂണിറ്റുകള്‍. ജനങ്ങളേക്കാള്‍ പ്രാധാന്യം വന്യമൃഗങ്ങള്‍ക്ക് നല്‍കുന്നത് കാട്ടുനീതിയാണ്. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ആന, കടുവ, കാട്ടുപന്നി, പുലി തുടങ്ങിയവ ഇറങ്ങി ശല്യം ചെയ്യുന്നത് നിത്യസംഭവമായിരിക്കുകയാണ്. കോരുത്തോട്, കണ്ണിമല, പുഞ്ചവയല്‍, പമ്പാവാലി, ചെന്നാപ്പാറ മേഖലകളില്‍ ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടപ്പെട്ടിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
യൂണിറ്റ് ഡയറക്ടര്‍ ഫാ. ജയിംസ് മുത്തനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സണ്ണി ആന്റണി തുരുത്തിപ്പള്ളി, ജോയി മടുക്കകുഴി, ജേക്കബ് സി. കല്ലൂര്‍, മാത്യു നടുപറമ്പില്‍, എന്‍.വി. വര്‍ക്കി, രഞ്ജിത് കുര്യന്, ജോസ് ജേക്കബ്, മേരി മടുക്കക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനരോഷമുയരും: പി.സി. ജോർജ്
കാഞ്ഞിരപ്പള്ളി: ശബരിമല സീസണോടനുബന്ധിച്ച് പമ്പയിൽനിന്നു പിടികൂടിയ വന്യമൃഗങ്ങളെ കോരുത്തോട്, പെരുവന്താനം ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ ഇറക്കിവിട്ട സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമെന്നു കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്.
വന്യജീവികളെ ജനവാസ മേഖലയിൽനിന്നും കൃഷിയിടത്തിൽനിന്ന് അകറ്റാൻ യാതൊരു അടിസ്ഥാന നടപടികളും കൈക്കൊള്ളാത്ത സർക്കാർ അതൊന്നും ചെയ്യാതെ ഇപ്പോൾ ജനങ്ങളെ വന്യജീവികളെ ഇറക്കിവിട്ട് കൊല്ലാക്കൊല ചെയ്യുകയാണെന്നും ഇതിനെതിരേ ശക്തമായ ജനരോഷമുണ്ടാകുമെന്നും പി.സി. ജോർജ് അഭിപ്രായപ്പെട്ടു.
മന്ത്രിക്കു പരാതി നൽകി
മുണ്ടക്കയം: ജനവാസ മേഖലയിൽ വനംവകുപ്പ് കാട്ടുപന്നികളെ തുറന്നുവിട്ട സംഭവത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രനെ നേരിൽ കണ്ട് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു കാര്യങ്ങൾ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികൾ ന്യായീകരിക്കാൻ കഴിയില്ലെന്നും വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി കെ.ടി. ബിനു അറിയിച്ചു.