കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന് നാക് അക്രഡിറ്റേഷനിൽ A+ ഗ്രേഡ് ലഭിച്ചു
കാഞ്ഞിരപ്പള്ളി: നാലാം വട്ട നാക് അക്രഡിറ്റേഷനിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന് എ പ്ലസ് ഗ്രേഡ് ലഭിച്ചു. അറുപതാം പിറന്നാൾ ആഘോഷിക്കുവാൻ പോകുന്ന അവസരത്തിലാണ് കോളേജിന് ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുള്ളത്.
എൻഐആർ എഫ് റാങ്കിങ്ങിലും കോളേജ് മികച്ച സ്ഥാനം പുലർത്തുന്നു.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫ. രാജ്‌കുമാർ ചെയർമാനും, മുംബൈ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ശിവജി സർഗാർ കോ-ഓർഡിനേറ്ററും, പ്രൊഫ. എം.കെ. അറോറ അംഗവുമായ കമ്മിറ്റി ഒക്ടോബർ 25, 26 തിയതികളിൽ കോളേജ് സന്ദർശിച്ച് പഠന സൗകര്യങ്ങളും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളും വിലയിരുത്തി.. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സ്റ്റാഫംഗങ്ങൾ എന്നിവരിൽ നിന്ന് സമിതി അഭിപ്രായങ്ങൾ സ്വരൂപിച്ചിരുന്നു.
ഉയർന്ന വിജയശതമാനവും സ്പോർട്സിലുള്ള നേട്ടങ്ങളും മികച്ച പഠന സൗകര്യങ്ങളുമാണ് ഏറ്റവും ഉയർന്ന റാങ്കിന് കോളേജിനെ അർഹമാക്കിയത്. മൂല്യബോധവും രാഷ്ട്രസ്നേഹവും സാമൂഹ്യബോധവും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്നതിന് നടത്തുന്ന പഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെയും സ്റ്റാഫംഗങ്ങളുടെയും സജീവ പങ്കാളിത്തം പ്രത്യേക പ്രശംസ നേടി. പ്രകൃതി സ്നേഹം വളർത്തുന്നതിന് വിവിധ ഉദ്യാനങ്ങൾ ക്യാമ്പസ്സിൽ സജ്ജീകരിച്ചിരിക്കുന്നതും ക്യാമ്പസും കാന്റീനും, ഹോസ്റ്റലുമെല്ലാം വളരെ വൃത്തിയായി പരിപാലിക്കുന്നതും ഈ കോളേജിന്റെ പ്രത്യേകതയായി വിലയിരുത്തൽ സമിതി അഭിപ്രായപ്പെട്ടു.
ജീവിത മൂല്യങ്ങൾ വിദ്യാർത്ഥികളിൽ രൂപപ്പെടുത്തുന്നതിന് ക്യാമ്പസിലെ നിയമങ്ങളും പരിശീലനങ്ങളും വളരെ സഹായകരമാണെന്ന് നാക് ടീമിന് ബോധ്യപ്പെട്ടു. ഗവേഷണ സൗകര്യങ്ങൾ വിപുലപ്പെടുത്തി ഗവേഷണ മേഖലയിൽ വളരുവാൻ ഇത് ഊർജ്‌ജം നൽകുമെന്ന് അവർ അഭിപ്രായപ്പെട്ടു.
അക്രഡിറ്റേഷന് വേണ്ടി പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഐ ക്യു എ സി കോ-ഓർഡിനേറ്റർ . പ്രതീഷ് എബ്രഹാം, ബർസാർ റവ ഡോ മനോജ് പാലക്കുടി എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാഫംഗങ്ങളും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിനാലാണ് ഉന്നത ഗ്രേഡ് കരസ്ഥമാക്കുവാൻ സാധിച്ചതെന്ന് മാനേജർ റവ ഫാ വർഗീസ് പരിന്തിരിക്കൽ പറഞ്ഞു. കോളേജിന്റെ വളർച്ചക്ക് എ പ്ലസ് ഗ്രേഡ് കൂടുതൽ സഹായകരമാകുമെന്നതിനാൽ അവികസിത മേഖലകളിൽ താമസിക്കുന്ന നിർധന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം പകർന്ന് നൽകുവാനുള്ള അവസരം ലഭിക്കുമെന്ന് റവ ഫാ വർഗീസ് പരിന്തിരിക്കൽ അഭിപ്രായപ്പെട്ടു.