വനം വകുപ്പ് ജനവാസമേഖലയിൽ ഇറക്കിവിട്ട കാട്ടുപന്നികളെ പിടിച്ച് തിരികെ കൊണ്ടുപോകണം :കത്തോലിക്ക കോൺഗ്രസ് ‌

കാഞ്ഞിരപ്പള്ളി : വനംവകുപ്പിന്റെ വാഹനത്തിൽ കോരുത്തോട്, കൊമ്പുകുത്തി ജനവാസ മേഖലകളിൽ ഇറക്കിവിട്ട കാട്ടുപന്നികളെ തിരികെ വനത്തിൽ വിടുന്നതിന് വനംവകുപ്പ് തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ‌ ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ ആവശ്യപ്പെട്ടു.

വന്യജീവികളുടെ സാന്നിധ്യം പെട്ടെന്ന് കൂടുതലായി വന്ന പ്രദേശങ്ങളിലും വനം വകുപ്പിന്റെ നേതൃത്വത്തിൽ വന്യജീവികളെ ഇറക്കിവിട്ടതായി സംശയമുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുവാൻ സർക്കാർ തയ്യാറാകണം. വന്യജീവികളെ വനത്തിനുള്ളിൽ നിലനിറുത്തേണ്ടതിന്റെ ഉത്തരവാദിത്വം വനം വകുപ്പിനാണ്. വന്യജീവികളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക്‌ ഉണ്ടായിരിക്കുന്ന ഭീതി അകറ്റണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും സർക്കാർ തയ്യാറാവണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

വനംവകുപ്പ് കാട്ടുപന്നികളെ ഇറക്കിവിട്ട കൊമ്പുകുത്തി, ചെന്നാപ്പാറ മുകൾ, മടുക്ക,കൊരുത്തോട് മേഖലകളിൽ കത്തോലിക്ക കോൺഗ്രസ്‌ ഭാരവാഹികളായ ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ്‌ ജോമി കൊച്ചുപറമ്പിൽ, ഗ്ലോബൽ സമിതിയംഗം സണ്ണിക്കുട്ടി അഴകം പ്രായിൽ, കോരുത്തോട് യൂണിറ്റ് ഭാരവാഹികളായ സണ്ണി വെട്ടുകല്ലേൽ, ബിജു കുമ്പുക്കൽ, ജോസുകുട്ടി പെരുകിലം തറപ്പേൽ, എന്നിവർ സന്ദർശിച്ചു. പ്രദേശവാസികളായ വിശ്വനാഥൻ താളിക്കല്ലിൽ, രാഘവൻ തടത്തിൽ, സാബു കൊമ്പുകുത്തി, മനോജ്‌ ചെന്നാപ്പാറ എന്നിവരും ഒപ്പമുണ്ടായിരുന്നു.

error: Content is protected !!