എരുമേലി വിമാനത്താവളം: കൂടുതല്‍ സംവിധാനങ്ങളുമായി പുതിയ പ്ലാന്‍ തയാറാക്കും
എരുമേലിയില്‍ വിഭാവനം ചെയ്യുന്നത് കേരളത്തിലെ ഏറ്റവും വിപുലമായ സൗകര്യമുള്ള വിമാനത്താവളം. ആസന്നഭാവിയില്‍ യാത്രക്കാരുടെ തിരക്ക് ഏറ്റവും വര്‍ധിക്കുന്ന പ്രദേശം എന്ന നിലയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ട സംവിധാനങ്ങളോടെയാണ് ശബരി എയര്‍പോര്‍ട്ടിന് അന്തിമ പ്ലാന്‍ തയാറാക്കുന്നത്.
3500 മീറ്റർ റൺവേ
3500 മീറ്റര്‍ നീളത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേയാണ് ഇവിടെ നിര്‍മിക്കുക. നെടുമ്പാശേരിയില്‍ 3400 മീറ്ററും കണ്ണൂരില്‍ 3050 മീറ്ററും തിരുവനന്തപുരത്ത് 3200 മീറ്ററും റണ്‍വേയാണുള്ളത്. എരുമേലിയില്‍ 2.7 കിലോമീറ്ററിനാണ് തുടക്കത്തില്‍ സ്ഥലം കണ്ടെത്തിയിരുന്നത്.
എന്നാല്‍, നോഡല്‍ ഏജന്‍സിയായ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും യുഎസ് കണ്‍സൾട്ടന്‍സി ലൂയി ബഗ്റും ചേര്‍ന്നു തയാറാക്കിയ സാങ്കേതിക സാധ്യതാപഠനറിപ്പോര്ട്ടില് കേന്ദ്ര വ്യോമയാനമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അഭിപ്രായം തേടിയിരുന്നു. ഇതിനുള്ള മറുപടിയില്‍ ഭൂമിശാസ്ത്രപരമായ ചില പിഴവുകള്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. കുറഞ്ഞത് മൂന്നു കിലോമീറ്റര്‍ റണ്‍വേ വേണമെന്ന കേന്ദ്രനിര്‍ദേശം അനുസരിച്ചാണ് സ്വകാര്യ വ്യക്തികളുടെ സ്ഥലംകൂടി ഏറ്റെടുത്ത് റണ്‍വേ മൂന്നര കിലോമീറ്ററായി ഉയര്‍ത്തിയത്.
രാജ്യാന്തര വിമാനത്താവളത്തിന് 3000 മീറ്റര്‍ നീളമുള്ള റണ്‍വേ വേണമെന്നാണ് നിയമം. അതോടെയാണ് ഈ പ്രശ്നം പരിഹരിക്കാന്‍ രണ്ടാമതും സര്‍വേ നടത്തിയത്.
ചെന്നൈയിലെ ജിയോ ഐഡി എന്ന കമ്പനിയാണ് ഒബ്സ്റ്റക്കിള്‍ ലിമിറ്റേഷന്‍ സര്‍ഫസ് സര്‍വേ വഴി റണ്‍വേക്ക് പുതിയ സ്ഥലം കണ്ടെത്തിയത്. ഏതു ദിശയിലേക്കും വിമാനം ഉയരാനും ഇറങ്ങാനും ഉള്ള സൗകര്യം എരുമേലിയിലുണ്ട്.
മുന്‍പ് കറിക്കാട്ടൂര്‍ മുതല്‍ മുക്കട വരെയായിരുന്നു 2.7 കിലോമീറ്റര്‍ നീളത്തില്‍ റണ്‍വേ നിശ്ചയിച്ചിരുന്നത്. നിലവില്‍ മണിമല പഞ്ചായത്തിലെ മുക്കടയില്നിന്നും എരുമേലി പഞ്ചായത്തിലെ ഓരുങ്കല്‍കടവ് വരെയാണ് 3.5 കിലോമീറ്റര്‍ റണ്‍വേയുടെ പുതിയ പ്ലാന്‍. ഓരുങ്കല്‍ കടവില്‍നിന്ന് എരുമേലിയിലേക്ക് രണ്ടര കിലോമീറ്ററില്‍ എത്താവുന്ന റോഡ് ഉടന്‍ പണിയും.
ലൂയി ബഗ്ര് ആണ് ഡ്രോണ്‍ ഉപയോഗിച്ച് സാമ്പത്തിക സാങ്കേതിക സര്‍വേ നടത്തുക. തുടര്‍ന്ന് റിപ്പോര്‍ട്ട് കെഎസ്ഐഡിസിക്ക് നല്‍കും. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിനും എയര്‍പോര്‍ട്ട് അഥോറിറ്റിക്കും റിപ്പോര്‍ട്ട് കൈമാറും. ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. വിമാനത്താവളം നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ വിജ്ഞാപനം വന്നാലുടന്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് ശബരി എയര്‍പോര്‍ട്ടിന്റെ നിര്‍മാണച്ചുമതല.