വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായി ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ്
മുണ്ടക്കയത്തിനു സമീപം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വനംവകുപ്പ് തുറന്നുവിട്ട കാട്ടുപന്നികള്‍ക്കൊപ്പം കാട്ടാനക്കൂട്ടവും ഭീഷണിയായി. വ്യാഴാഴ്ച രാത്രി ഒന്നരയോടെ ചെന്നാപ്പാറ എസ്റ്റേറ്റ് വക ആശുപത്രിയുടെ മുറ്റത്തുവരെ കാട്ടാനകള്‍ കൂട്ടമായി എത്തി.
കാട്ടുപന്നിയെ എത്തിച്ച സംഭവത്തില്‍ വനംമന്ത്രി നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടശേഷവും വനം വകുപ്പുകാര്‍ ചെന്നാപ്പാറയില്‍ എത്തുകയോ സ്ഥിതി വിലയിരുത്തുകയോ ചെയ്തിട്ടില്ല.
റബര്‍ എസ്റ്റേറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ അന്‍പതിലേറെ ആനകള്‍ നിലയുറപ്പിച്ചതോടെ രണ്ടു ദിവസമായി ടാപ്പിംഗ് മുടങ്ങിയിരിക്കുകയാണ്. മണിക്കല്ല്, മതമ്പ, ആനക്കുളം, കടമാന്‍കുളം, മഞ്ഞക്കല്ലേക്കുളം പ്രദേശങ്ങളില്‍ മുന്നൂറ് ലയങ്ങളിലായി ആയിരത്തിലേറെ തൊഴിലാളി കുടുംബങ്ങളുണ്ട്. വീട്ടുമുറ്റംവരെ ആന എത്തുന്നതിനാല്‍ ഇവര്‍ക്ക് പുറത്തേക്കിറങ്ങാനോ ടാപ്പിംഗ് നടത്താനോ സാധിക്കുന്നില്ല.
പമ്പ വനത്തില്‍നിന്ന് ഇറക്കിവിട്ട 125 കാട്ടുപന്നികള്‍ തൊഴിലാളികളുടെ കൃഷിയിടം കുത്തിമറിക്കുകയാണ്. പന്നികളെ വനംവകുപ്പ് തിരികെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കും. അടുത്തയിടെ എസ്റ്റേറ്റില്‍ കടുവയെയും കോരുത്തോട്ടില്‍ പുലിയെയും കാണാനിടയായതിനു പിന്നില്‍ ദുരൂഹതയേറുകയാണ്. വിവിധയിടങ്ങളില്‍ കെണിയില്‍ വീണ കടുവയെയും പുലിയെയും വനപാലകര്‍ ജനവാസമേഖലയില്‍ തുറന്നുവിട്ടതാണെന്ന് സംശയിക്കുന്നു. പമ്പയില്‍നിന്നു പന്നികളെ എത്തിച്ച ഇതേ ലോറി കഴിഞ്ഞ മാസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ എത്തിയിരുന്നു.: