ലൈഫ് പദ്ധതിയ്ക്കൊപ്പം ഹരിതഗിരി അസോസിയേഷനും : ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് ഭവനമൊരുക്കി
കാഞ്ഞിരപ്പള്ളി: ലൈഫ് പദ്ധതിയിൽ പ്രദേശത്തെ ഹരിതഗിരി അസോസിയേഷനും ഒപ്പം ചേർന്നപ്പോൾ ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് ഭവനമൊരുക്കി. ഹൃദ്രോഗിയായ കാഞ്ഞിരപ്പള്ളി പാറമട ഭാഗത്ത് വെട്ടിയാക്കൽ ലീലാമ്മ രാജപ്പനും രണ്ടു വർഷത്തോളമായി സ്ട്രോക്ക് വന്ന് അരയ്ക്കു താഴെ തളർന്ന മകൻ സജിയും ഭാര്യ ബിന്ദുവും രണ്ടു മക്കളുമടക്കം കഴിഞ്ഞുവന്നിരുന്നത് ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു. ബിന്ദു ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.
ഇവരുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട വാർഡ് അംഗം മഞ്ജു മാത്യു ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമാണം ആരംഭിക്കുകയായിരുന്നു. പ്രദേശത്തെ ഹരിതഗിരി അസോസിയേഷനും പദ്ധതിയിൽ ഒപ്പം ചേർന്ന് ഇവർക്ക് 585 സ്ക്വയർ ഫീറ്റിൽ വീട് നിർമാണം പൂർത്തീകരിക്കുകയായിരുന്നു. രണ്ട് ബെഡ്റൂം, ഹാൾ, കിച്ചൻ, ബാത്ത്റൂം എന്നിവ ഉൾപ്പെടെ എട്ടു ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിർമിച്ചത്. ലൈഫ് ഭവന പദ്ധതിയിൽ നാലു ലക്ഷവും ഹരിതഗിരി അസോസിയേഷൻ നാലു ലക്ഷവും ചെലവഴിച്ചാണ് വീട് നിർമാണം പൂർത്തിയാക്കിയത്.
സ്വപ്നഭവനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. വാർഡ് അംഗം മഞ്ജു മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങളായ വി.പി. രാജൻ, ബിജു പത്യാല, ഹരിതഗിരി സെക്രട്ടറി ജോജി കോഴിമല, കൺവീനർ സണ്ണി നന്നാംകുഴി, സ്കറിയാച്ചൻ ഞാവള്ളി, തോമസുകുട്ടി ഞളത്തുവയലിൽ, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, ഫാ. സ്റ്റീഫൻ തടത്തിൽ എന്നിവർ പ്രസംഗിച്ചു.