കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം ചിറക്കടവിൽ
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം നാളെ മുതൽ പത്തു വരെ ചിറക്കടവ് എസ്ആർവി എൻഎസ്എസ് വിഎച്ച്എസ്എസിൽ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. 28 വേദികളിലാണ് മത്സരം. 110 സ്കൂളുകളിൽ നിന്നായി 4,984 കുട്ടികളാണ് മത്സരിക്കുന്നത്.
നാളെ രാവിലെ പത്തിന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ എം.കെ. അനിൽകുമാർ അധ്യക്ഷത വഹിക്കും. ചലച്ചിത്രനടൻ ജോജി ജോൺ മുഖ്യാതിഥിയാവും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. സംസ്കൃതോത്സവം ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാറും അറബിക് കലോത്സവം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണിയും ഉദ്ഘാടനം ചെയ്യും.
പത്തിനു വൈകുന്നേരം നാലിന് സമാപനസമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ എഇഒ പി.എച്ച്. ഷൈലജ, എസ്ആർവി സ്കൂൾ ഹെഡ്മാസ്റ്റർ കെ. ലാൽ, പ്രിൻസിപ്പൽ പി.ബി. ഗീതാകുമാരി, പിടിഎ പ്രസിഡന്റ് എസ്. ശ്രീകുമാർ, കൺവീനർമാരായ ടോമി ജേക്കബ്, മുഹമ്മദ് അനസ്, നാസർ മുണ്ടക്കയം, ബഷീർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.