പാമ്പുകടിയേറ്റ് ചികിത്സയ്ക്കെത്തിയപ്പോൾ സർക്കാർ ആശുപത്രി അടഞ്ഞുകിടക്കുന്നു.
എരുമേലി: പാമ്പ് കടിച്ചതിന് അടിയന്തര ചികിത്സ തേടി സർക്കാർ ആശുപത്രിയിൽ എത്തിയ പഞ്ചായത്ത് അംഗം ആശുപത്രി അടച്ചിട്ടത് കണ്ട് നിവൃത്തിയില്ലാതെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് വിളിച്ച് കോട്ടയം മെഡിക്കൽ കോളജിലെത്തി. എരുമേലി പഞ്ചായത്ത് പ്രപ്പോസ് വാർഡംഗം കെ.ആർ. അജേഷിനാണ് ഈ ദുരനുഭവം.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ കൊടിത്തോട്ടം ഭാഗത്ത് ഷട്ടിൽ കോർട്ട് ഗ്രൗണ്ടിൽ കാടു വെട്ടിത്തെളിച്ച് മടങ്ങുമ്പോളാണ് അജേഷിന്റെ വലതു കാൽ പാദത്തിന്റെ മുകളിൽ പാമ്പ് കടിയേറ്റത്. ഉടനെ എരുമേലിയിലെ സർക്കാർ ആശുപത്രിയിൽ എത്തിയപ്പോഴാണ് ജീവനക്കാർ ഇല്ലാതെ ആശുപത്രി പൂട്ടിയിട്ട നിലയിൽ കണ്ടത്.
ആംബുലൻസ് വിളിച്ചു വരുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിയ അജേഷിന് ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിരോധ കുത്തിവയ്പിലൂടെ അജേഷ് അപകട നില തരണം ചെയ്തെന്നും മുറിവേറ്റ ഭാഗത്ത് രൂപപ്പെട്ട നീർക്കെട്ട് മാറുന്നതോടെ ആശുപത്രി വിടാമെന്നും ഡോക്ടർമാർ പറഞ്ഞു.
വൈകുന്നേരം വരെ ഒപി ചികിത്സയുള്ള ആശുപത്രി നേരത്തെ അടച്ച് ജീവനക്കാർ സ്ഥലം വിട്ടത് കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഞായർ ദിവസവും ആശുപത്രിയിൽ ഇതേ സ്ഥിതി ആണെന്ന് നാട്ടുകാർ പറയുന്നു.
ശബരിമല സീസൺ മുൻനിർത്തി പാമ്പ് വിഷ പ്രതിരോധ മരുന്ന് ഉള്ള ആശുപത്രി കൂടിയാണ് എരുമേലിയിലെ കുടുംബ ആരോഗ്യ കേന്ദ്രം. എന്നാൽ, ഡോക്ടർമാർ ഇല്ലാതെ ചികിത്സ നൽകാൻ നഴ്സുമാർക്ക് കഴിയില്ല.
ഡോക്ടർമാർ പൂർണമായി ഡ്യൂട്ടിയിൽ ഇല്ലാത്തതു മൂലം ആശുപത്രിയിൽ ചികിത്സ നിലയ്ക്കുകയാണ്. അടിയന്തര പരിഹാരം ഇക്കാര്യത്തിൽ വേണമെന്ന് ആവശ്യം ശക്തമാണ്. താലൂക്ക് ആശുപത്രിയാക്കി ഉയർത്തി സേവനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഇഡിസി ഭാരവാഹികൾ ആശുപത്രിയിൽ സത്യഗ്രഹ സമരം നടത്തിയിരുന്നു.