കാട്ടാനക്കൂട്ടം വീണ്ടുമെത്തി കൃഷികൾ നശിപ്പിച്ചു.. കണ്ണീരോടെ കർഷകർ..

മുക്കൂട്ടുതറ : ഞങ്ങളുടെ സങ്കടം ആരോട് പറയാൻ, ആര് കേൾക്കാൻ… ആനക്കൂട്ടം ചവിട്ടി മെതിച്ച് നശിപ്പിച്ച കൃഷിയിടത്ത് നിന്ന് വിലപിക്കുകയാണ് കർഷകർ.

എരുമേലി പഞ്ചായത്തിലെ പാണപിലാവിൽ ഇപ്പോൾ ദുരന്തഭൂമി പോലെയാണ് പല കൃഷിസ്ഥലങ്ങളും . കാടിറങ്ങി എത്തിയ ആനക്കൂട്ടം വാഴത്തോട്ടങ്ങൾ ചവിട്ടിമെതിച്ചു നശിപ്പിച്ചു . ഒപ്പം കപ്പയും ഇഞ്ചിയും വരെ ചവിട്ടിമെതിച്ചു നശിപ്പിച്ച ശേഷമാണ് മടങ്ങിയത്.

കഴിഞ്ഞയിടെ അയ്യനോലി ഭാഗത്ത് എത്തിയ ആനക്കൂട്ടമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അടുത്തുള്ള പാണപിലാവ് ഭാഗത്തെ നിരവധി പേരുടെ കൃഷികൾ നശിപ്പിച്ചത് എന്ന് നാട്ടുകാർ ഉറപ്പ് പറയുന്നു. മൂന്നാടതെക്കേതിൽ നിബു, പാലോലിൽ അജി, അറയ്ക്കലാക്കുഴി ലിജോ, പുളിച്ചമാക്കൽ സുധീഷ്, വെട്ടിയാങ്കൽ ഗോപിനാഥൻപിള്ള, തലപ്പള്ളിൽ ഉമേഷ്‌ എന്നിവരുടെ കൃഷികളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്.

ഇവിടെ വനാതിർത്തിയുമായി 150 മീറ്റർ അകലമാണുള്ളത്. ഇവിടെ നിന്നും മൂക്കൻപെട്ടി വരെ നീളുന്ന വനമേഖലയിൽ വനാതിർത്തിയിലുടനീളം സൗരോർജ വൈദ്യുതി പ്രവഹിക്കുന്ന വേലികൾ മൃഗങ്ങളെ തടയാനായി സ്ഥാപിച്ചിരുന്നു. എന്നാൽ പരിപാലനം ഇല്ലാഞ്ഞതിനാൽ വേലികൾ പ്രവർത്തനരഹിതമായി. വനത്തിനുള്ളിൽ മൃഗങ്ങൾക്ക്‌ ഭക്ഷണമില്ലാത്തതാണ് വൻതോതിൽ മൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങാൻ കാരണം.

ആനകൾക്ക് വാഴ കൃഷിയോടാണ് പ്രിയം. കഴിഞ്ഞയിടെ നൂറുകണക്കിന് പാകമെത്തിയ വാഴകൾ ആണ് ഇരുമ്പൂന്നിക്കരയിൽ ആനക്കൂട്ടം ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചു തിന്നു തീർത്തത്. കുല ഇല്ലെങ്കിൽ വാഴയ്ക്കുള്ളിലെ പിണ്ടി ഭക്ഷിക്കും. ഒരു വർഷം മുമ്പ് വരെ കാട്ടുപന്നികൾ ആയിരുന്നു വില്ലൻമാർ. വ്യാപകമായി ഇവ കപ്പ കൃഷി നശിപ്പിക്കുന്നതോടെയാണ് പലരും കപ്പ കൃഷി ഒഴിവാക്കി വാഴ കൃഷിയിലേക്ക് തിരിഞ്ഞത്. കാറ്റും മഴയും വെയിലും മറികടന്നു കൃഷി ഒരു വിധം മെച്ചപ്പെട്ടു വരുമ്പോഴേക്കും ആനകൾ എത്തി നശിപ്പിക്കുകയാണ്.

ആനക്കൂട്ടം കൃഷി നശിപ്പിച്ച പാണപിലാവിൽ കഴിഞ്ഞ ദിവസമാണ് പുളിച്ചമാക്കൽ സുധീഷിന്റെ പുരയിടത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയത്. പ്രദേശത്ത് പലപ്പോഴായി മൂർഖൻ ഉൾപ്പടെ പാമ്പുകളെ പിടിച്ചിട്ടുണ്ട്.

വ്യാപകമായി നാട്ടിൽ താമസമാക്കി പെരുകി കൊണ്ടിരിക്കുകയാണ് മലയണ്ണാൻമാർ. വിളകൾ പാകമാകും മുമ്പെ ഇവറ്റകൾ കൊണ്ടുപോകുമെന്ന് കർഷകനായ ഇടകടത്തി വടക്കേതിൽ ബെന്നി പറഞ്ഞു. മലയണ്ണാൻമാരുടെ ശല്യം മൂലം കൃഷി നിർത്തിയെന്ന് ബെന്നി പറഞ്ഞു. കണമല, പമ്പാവാലി പ്രദേശങ്ങളിൽ മലയണ്ണാൻമാർ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ കുരങ്ങുകളും ധാരാളമായി എത്തി വ്യാപകമായി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

സോളാർ വേലി കൊണ്ട് പ്രയോജനമില്ലെന്നും മൃഗങ്ങളെ തടയാൻ വനാതിർത്തികളിൽ കിടങ്ങ് ആണ് അനുയോജ്യമായ പരിഹാരമാർഗമെന്നും പൊതുപ്രവർത്തകനും കർഷകനുമായ പാണപിലാവ് നിരപ്പേൽ ബിനു പറയുന്നു. ആനകൾ ഉൾപ്പടെ എല്ലാത്തരം മൃഗങ്ങളുടെയും കാടിറക്കം തടയാൻ ഫലപ്രദമായ മാർഗം കിടങ്ങ് ആണെന്ന അഭിപ്രായത്തിലാണ് കർഷകർ.

കൃഷി നാശം സംഭവിച്ചതിന്റെ പേരിൽ നഷ്ടപരിഹാരം തേടി വനം വകുപ്പിൽ ഇതിനോടകം നിരവധി പേരാണ് അപേക്ഷകൾ സമർപ്പിച്ചത്. അപേക്ഷകൾ പരിശോധിച്ച് അനുകൂല നടപടി ശുപാർശ ചെയ്ത് ഉദ്യോഗസ്ഥർ അയക്കുന്നുണ്ടെന്നും എന്നാൽ നഷ്ടപരിഹാരം അനുവദിക്കപ്പെടുന്നില്ലെന്നും കർഷകർ പറയുന്നു.

error: Content is protected !!