കണമലയിലെ കാട്ടുപോത്ത് ആക്രമണം : മരിച്ചവരുടെ ആശ്രിതർക്ക് രണ്ടാം ഗഡു നഷ്ടപരിഹാരം നൽകി.
എരുമേലി : എരുമേലി ഗ്രാമപഞ്ചായത്തിലെ കണമലയിൽ കഴിഞ്ഞ മെയ് 19ന് ഉണ്ടായ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസ് ആന്റണി പ്ലാവനാക്കുഴി, ചാക്കോച്ചൻ പുറത്തേൽ എന്നിവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ പ്രകാരമുള്ള നഷ്ടപരിഹാര തുകയിൽ നൽകുവാൻ അവശേഷിച്ചിരുന്ന രണ്ടാം ഗഡു 5 ലക്ഷം രൂപ പ്രകാരമുള്ള തുകകൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭവനത്തിൽ എത്തി വിധവകൾ ആയ അന്നമ്മ തോമസ് പ്ലാവനാക്കുഴി,ആലീസ് ചാക്കോ പുറത്തേൽ എന്നിവർക്ക് കൈമാറി.
ആദ്യ ഗഡു 5 ലക്ഷം രൂപ സംഭവം നടന്ന ഉടനെ തന്നെ അവകാശികൾക്ക് നൽകിയിരുന്നു. അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കല്‍, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മറ്റ് ഇതര അനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് രണ്ടാം ഗഡു കൈമാറുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എം.എൽ.എ യോടൊപ്പം ജില്ലാ വനം വകുപ്പ് മേധാവി ഓ. രാജേഷ് ഐ.എഫ്.എസ്, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, കേരള കോൺഗ്രസ് (എം) ജില്ലാ സക്രട്ടറി ബിനോ ചാലക്കുഴി, കെ. എം ബേബി കണ്ടത്തിൽ, ലിൻസ് വടക്കേൽ, ലിജോ പുളിക്കൽ, സോജൻ തോണിയാങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.