വയോധികയുടെ മൃതദേഹം മാറി സംസ്കരിച്ചു ; ചിതാഭസ്മം ശേഖരിച്ച് ശേഖരിച്ച് പള്ളിയിൽ സംസ്കരിച്ചു, ഇരുകൂട്ടരുടെയും വിവേകപൂർണമായ നടപടികൾ വലിയ പ്രശ്നങ്ങൾ ഒഴിവാക്കി..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയ്ക്ക് അഭിമാനിക്കാം, ആശ്വസിക്കാം .. സാധാരണ ഗതിയിൽ വലിയ കുഴപ്പങ്ങളിലേക്ക് ചെന്ന് എത്തേണ്ട കാര്യം ഇരുകൂട്ടരുടെയും വിവേകപൂർണമായ പ്രവർത്തികൾ മൂലം രമ്യമായി പരിഹരിക്കപ്പെട്ടു.

ആശുപത്രി മോർച്ചറിയിൽ നിന്ന് എടുക്കുമ്പോൾ 2 അമ്മമാരുടെ മൃതദേഹങ്ങൾ മാറിപ്പോയി; ക്രിസ്ത്യൻ സമുദായാംഗമായ അമ്മയുടെ മൃതദേഹം ഹിന്ദു മതാചാരപ്രകാരം ദഹിപ്പിച്ചു. കുടുംബാംഗങ്ങൾ പരസ്പരം ആശയവിനിമയം നടത്തി പ്രശ്നം പരിഹരിച്ചു. ദഹിപ്പിച്ച സ്ഥലത്തുനിന്ന് ചിതാഭസ്മം ശേഖരിച്ച് ആചാരപ്രകാരം ദേവാലയത്തിലെ കല്ലറയിൽ സംസ്കരിച്ചു.

ചെറുവള്ളി കൈലാത്തുകവല മാൻകുഴിയിൽ കമലാക്ഷിയമ്മ (80), ചോറ്റി പുത്തൻപറമ്പിൽ ശോശാമ്മ ജോൺ (86) എന്നിവരുടെ മൃതദേഹങ്ങളാണു പരസ്പരം മാറിയത്. തിങ്കളാഴ്ചയാണു രണ്ടുപേരും മരിച്ചത്. വർഷങ്ങളായി കിടപ്പുരോഗിയായിരുന്ന കമലാക്ഷിയമ്മയുടെ മൃതദേഹം തിങ്കളാഴ്ച രാത്രി 9.30നു കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ആശുപത്രിയിലെത്തിച്ച് മോർച്ചറിയിൽ സൂക്ഷിച്ചു. ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശോശാമ്മ അന്നു രാത്രി മരിച്ചു. മൃതദേഹം രാത്രി 10.15നു മോർച്ചറിയിലേക്കു മാറ്റി. ഇരു മൃതദേഹങ്ങളും അടുത്തടുത്താണു സൂക്ഷിച്ചത്.

കമലാക്ഷിയമ്മയുടെ ബന്ധുക്കൾ ബുധനാഴ്ച രാവിലെ ആശുപത്രിയിൽ എത്തി മൃതദേഹം ഏറ്റുവാങ്ങി. പൊതുദർശനത്തിനും മരണാനന്തര കർമങ്ങൾക്കും ശേഷം വൈകിട്ട് 4നു വീട്ടുവളപ്പിൽ ദഹിപ്പിച്ചു . ഇന്നലെ രാവിലെ ശോശാമ്മ ജോണിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ മക്കളെത്തിയപ്പോഴാണു മൃതദേഹം മാറിപ്പോയ വിവരം അറിയുന്നത്.

ഡിവൈഎസ്പി എം.അനിൽ കുമാർ, തഹസിൽദാർ ബെന്നി മാത്യു, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ എന്നിവരുടെ സാന്നിധ്യത്തിൽ ഇരുവീട്ടുകാരും ചർച്ച നടത്തി. ശോശാമ്മ ജോണിന്റെ ചിതാഭസ്മം പൊലീസ് തന്നെ ചെറുവള്ളിയിലെ വീട്ടിലെ ചിതയിൽ നിന്നു ശേഖരിച്ച് ബന്ധുക്കൾക്കു കൈമാറി. ഇടവക വികാരി റവ പി.കെ.സെബാസ്റ്റ്യന്റെ കാർമികത്വത്തിൽ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം കൂട്ടിക്കൽ സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കാരവും നടത്തി.

വീട്ടിൽ ഒരു സംസ്കാരച്ചടങ്ങ് നടത്തിയതിനാൽ കമലാക്ഷിയമ്മയുടെ മൃതദേഹം ബന്ധുക്കൾ ചിറക്കടവ് പഞ്ചായത്തിന്റെ ചേപ്പുംപാറയിലെ പൊതുശ്മശാനത്തിലാണു സംസ്കരിച്ചത്.

രണ്ടു ദിവസം മോർച്ചറിയിൽ സൂക്ഷിച്ചിരുന്നതിനാൽ രൂപവ്യത്യാസം വന്നതായിരിക്കാമെന്നു കരുതിയതിനാലാണു മൃതദേഹം തിരിച്ചറിയാൻ കഴിയാതെ പോയതെന്നു കമലാക്ഷിയമ്മയുടെ മക്കളായ ബിജുമോനും മിനി ശങ്കറും പറഞ്ഞു. തങ്ങൾ കൊണ്ടു വന്ന വസ്ത്രങ്ങൾ ധരിപ്പിച്ചാണു മൃതദേഹം ഒരുക്കി നൽകിയതെന്നും ഇവർ പറഞ്ഞു. അധികൃതർ നിർദേശിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും തുടർനടപടികൾ അടുത്ത ദിവസം സ്വീകരിക്കുമെന്നും മേരി ക്വീൻസ് ആശുപത്രി അധികൃതർ പറഞ്ഞു.

error: Content is protected !!