നവീകരിച്ച എരുമേലി പിൽഗ്രിം സെന്റർ ഉദ്ഘാടനം നവംബർ 16 ന്

എരുമേലി : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കീഴിൽ പ്രവർത്തിക്കുന്നതും നവീകരിച്ചതുമായ എരുമേലി പിൽഗ്രീം അമ്നിറ്റി സെന്ററിന്റെ ഉദ്ഘാടനം നാളെ 11 ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി അഡ്വ പി എ മുഹമ്മദ്‌ റിയാസ് ഓൺലൈനായി നിർവഹിക്കും.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ തീർത്ഥാടന കേന്ദ്രമായ ശബരിമലയുടെ കവാടമാണ് എരുമേലി. ശബരിമലയിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർ എരുമേലിയിൽ എത്തി പേട്ട തുള്ളി പതിനെട്ടാംപടി ലക്ഷ്യമാക്കി തീർത്ഥാടനം നടത്തുന്നതാണ് പരമ്പരാഗതമായ ആചാരം. ഇപ്രകാരം എരുമേലിയിൽ എത്തുന്ന തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ച് സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാലര ഏക്കർ സ്ഥലത്താണ് സെന്റർ പ്രവർത്തിച്ചുവരുന്നത്. പിൽഗ്രിം അമിനിറ്റി സെന്ററിന്റെ പ്രധാന കെട്ടിടം കഴിഞ്ഞ ഏതാനും വർഷങ്ങളായി പലവിധ തകരാറുകളാൽ അറ്റകുറ്റ പണികൾ ആവശ്യമായ സ്ഥിതിയിലായിരുന്നു. കൂടാതെ കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാനപാതയിൽ നിന്നും പിൽഗ്രിം അമിനിറ്റി സെന്ററിലേക്കുള്ള 300 മീറ്റർ റോഡ് ഇക്കഴിഞ്ഞ വർഷങ്ങളിലെ പ്രളയങ്ങൾ മൂലം തകരുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ അമിനിറ്റി സെന്റർ നവീകരിക്കണമെന്നും റോഡ് റീ കോൺക്രീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും അതേ തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും ഒരുകോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിക്കുകയും ചെയ്തു.. നിർമ്മാണ ചുമതല പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് നെ ഏൽപ്പിച്ചു. ഈ തുക ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യുകയും,അമിനിറ്റി സെന്ററിലെ റൂമുകൾ നവീകരിച്ച് സ്യൂട്ട് റൂമുകളും, എക്സിക്യൂട്ടീവ് റൂമുകളും ആക്കി മാറ്റുകയും ചെയ്തു.ആവശ്യമായ എല്ലാവിധ ഉപകരണങ്ങളോടും കൂടിയ ഫർണിഷിംഗ് നടത്തുകയും, ഡോർമെറ്ററികൾ നവീകരിക്കുകയും ചെയ്തു. കൂടാതെ വയറിങ്, പ്ലംബിങ്, ടോയ്‌ലറ്റുകളുടെ നവീകരണം, സീലിംഗ്, പെയിന്റിംഗ്, മുറ്റം ടൈൽ വിരിക്കൽ തുടങ്ങി നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തി അമിനിറ്റി സെന്ററിന്റെ മുഖച്ഛായ മാറുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും . പത്തനംതിട്ട എം.പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ് കൃഷ്ണകുമാർ, തുടങ്ങിയവർ പങ്കെടുക്കും.

error: Content is protected !!