ഇരുപത്തിയഞ്ചു സ്നേഹവീടുകളുമായി കൂട്ടിക്കൽ തേൻപുഴ ഇ എം എസ് നഗർ
കൂട്ടിക്കൽ : മുണ്ടക്കയം – കൂട്ടിക്കൽ – ഏന്തയാർ – വാഗമൺ റോഡിലെ തേൻപുഴയിലെ പാർട്ടി ഗ്രാമമാമായ ഇ എം എസ് നഗറിലെ 25 വീടുകളിലും താമസക്കാരെത്തി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുട്ടിക്കലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തേൻപുഴയിലെ ഇ എം എസ് നഗറിലെത്തി നേഴ്സിംഗ് വിദ്യാർത്ഥിനിയായ വി എസ് വിസ്മയ്ക്ക് അനുവദിച്ചു നൽകിയ പുതിയ വീട്ടിലെത്തി പാൽ കാച്ചൽ നിർവഹിച്ചു . തുടർന്ന് ഏന്തയാർ ജെ ജെ മർഫി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നടന്ന പൊതുസമ്മേളനത്തിൽ വെച്ച് 25 വീടുകൾ ലഭിച്ചവർക്ക് വീടുകളുടെ താക്കോൽ കൈമാറുകയായിരുന്നു.
ഇതിനു ശേഷം വൈകുന്നേരത്തോടെ ഇ എം എസ് നഗറിലെ ഓരോ വീടുകൾക്കും 12 ഇന വീട്ടുപകരണങ്ങൾ അടങ്ങിയ ഗിഫ്റ്റ് പായ്ക്കറ്റുകൾ സമ്മാനിച്ചു.തുടർന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായി.
മന്ത്രിയും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി എൻ വാസവൻ, മുതിർന്ന നേതാവും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസൽ ,ടി ആർ രഘുനാഥൻ, അഡ്വ: റജി സഖറിയാ, കെ എം രാധാകൃഷ്ണൻ ,കെ രാജേഷ്, തങ്കമ്മ ജോർജുകുട്ടി, ഷമീം അഹമ്മദ്, സജിൻ വി വട്ടപ്പള്ളി, പി കെ സണ്ണി, പി എസ് സജിമോൻ, എം എസ് മണിയൻ, സി വി അനിൽകുമാർ, പി കെ പ്രദീപ് എന്നിവരടക്കമുള്ളവർ ചടങ്ങിൽ പങ്കാളികളായി. ഗ്യാസ് സ്റ്റൗ ,ഒരു ഡസൻ പ്ലേറ്റ്, ഒരു ഡസൻ ഗ്ലാസ്, തേപ്പുപെട്ടി, ബക്കറ്റ്, കപ്പ്, കലം, മിക്സി,കാസ്റോൾ കുക്കർ വലുതും ചെറുതും ഓരോന്നു വീതം, സോഫാ എന്നിങ്ങനെ 12 ഇനങ്ങളാണ് ഓരോ വീട്ടുകാർക്കും നൽകിയത്.
രണ്ടു വർഷം മുമ്പ് നാടിനെ നടുക്കിയ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തിലെ 25 കുടുംബങ്ങൾക്കാണ് സി പി ഐ എം കോട്ടയം ജില്ലാ കമ്മിറ്റി വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ 25 വീടുകൾ നിർമ്മിച്ചു നൽകിയത്. ഇതിനാവശ്യമായ മായ രണ്ടേക്കർ പത്തു സെൻറ്റ് സ്ഥലം കാത്തിരപ്പള്ളി ഏരിയായിലെ 224 സി പി ഐ എം ബ്രാഞ്ച് കമ്മിറ്റികളുടെ പരിധിയിലെ സി പി ഐ എം അംഗ ങ്ങളിൽ നിന്നും ശേഖരിച്ച പണം ഉപയോഗിച്ചാണ് വാങ്ങിയത്. കൂട്ടിക്കൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണു് ഇ എം.എസ് നഗർ സ്ഥിതി ചെയ്യുന്നത്. ഓരോ വീടിനും രണ്ടു മുറികളും ഹാളും അടുക്കളയും ശൗചാലയവും തിണ്ണയുമുണ്ട്. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 35 ലക്ഷം രുപ ചെലവഴിച്ച് ഭവനസമുച്ചയവളപ്പിലേക്ക് റോഡു കോൺക്രീറ്റ് ചെയ്തു.ഇതോടൊപ്പം 60 ലക്ഷം രൂപ ചെലവിട്ട് രണ്ട് കുഴൽ കിണറുകൾ നിർമ്മിച്ച് മോട്ടോറുകൾ ഘടിപ്പിച്ച് ഓരോ വീടുകളിലും പൈപ്പ് ലൈനുകൾ വഴി വെള്ളമെത്തിക്കുവാനും കഴിഞ്ഞു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ അഞ്ചു ലക്ഷം രൂപ ചെലവിട്ട് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ച് ലൈനുകൾ വലിച്ച് ഓരോ വീടുകളിലും വൈദ്യുതി എത്തിച്ചു. തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
മറ്റൊരു രാഷ്ടീയകക്ഷികൾക്കും ചെയ്യാനാവാത്ത മാതൃകാ പ്രവർത്തനമാണ് സി പി ഐ എം കൂട്ടിക്കലിൽ നടത്തിയത്.