പാലപ്രയിൽ പ്രളയ ബാധിത മൂന്ന് കുടുംബങ്ങൾക്ക് കൂടൊരുക്കി കാഞ്ഞിരപ്പള്ളി രൂപതയുടെ റെയിൻബോ പദ്ധതി.. 45 ഭവനങ്ങളിൽ 41 ഭവനങ്ങളും പൂർത്തിയാക്കി നൽകി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ കർമ്മ പരിപാടിയായ റെയിൻബോ പദ്ധതിയിൽ പാലപ്രയിൽ നിർമ്മിച്ച മൂന്ന് ഭവനങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആശീർവ്വദിച്ചു. സുവിശേഷ ചൈതന്യം നമ്മോട് പങ്കുവയ്ക്കലാവശ്യപ്പെടുന്നുവെന്നും വേദനിക്കുന്ന സഹോദരന് നേർക്ക് കണ്ണു തുറക്കുവാനും കൈയയച്ച് നല്കുവാനും നമ്മെ നിർബന്ധിക്കുന്നുവെന്നും മാർ ജോസ് പുളിക്കൽ സന്ദേശത്തിൽ ഓർമിപ്പിച്ചു.

വിൻസ് നടക്കൽ സൗജന്യമായി ഭൂനിധി പദ്ധതിയിൽ നല്കിയ സ്ഥലത്താണ് പാലപ്രയിലെ മൂന്നു ഭവനങ്ങൾ നിർമ്മിച്ചത്. പ്രളയബാധിതർക്കായി റെയിൻബോ പദ്ധതിയിൽ നിർമ്മിക്കുന്ന 45 ഭവനങ്ങളിൽ 41 ഭവനങ്ങളും പൂർത്തിയാക്കി നല്കി. പ്രളയത്തിൽ ഭൂരഹിതരായവർക്ക് ‘ഭൂനിനിധി’ പദ്ധതിയിൽ സുമനസ്സുകൾ സൗജന്യമായി നല്കിയ സ്ഥലത്താണ് ഭവനങ്ങൾ നിർമ്മിക്കുന്നത്.
പ്രളയ ബാധിതരുടെ ചികിത്സ, ഭവനനിർമ്മാണം, വീടുകളുടെ അറ്റകുറ്റപണികൾ, തുടർ വിദ്യാഭ്യാസ സഹായങ്ങൾ, ഉപജീവന സഹായം,കുടിവെള്ള പദ്ധതി, ഗതാഗത സൗകര്യം ക്രമീകരിക്കൽ തുടങ്ങിയ നിരവധി കർമ്മ പരിപാടികളുൾപ്പെടുന്ന റെയിൻബോ പദ്ധതിയിൽ രൂപതയിലെ ഇടവകകൾ, സന്യാസ സമൂഹങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ, സുമനസ്സുകൾ എന്നിവർ സഹകരിക്കുന്നു.

ആശീർവ്വാദ കർമ്മങ്ങളിൽ രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. തോമസ് നല്ലൂർ കാലായിപറമ്പിൽ,ഫാ. മാർട്ടിൻ പാലക്കുടി, സി.ബി. സി. ഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി. സി. സെബാസ്റ്റ്യൻ,ഫാ. ജോർജ് കുഴിപ്പള്ളി, വിൻസ് നടക്കൽ, സന്യാസിനികൾ, ഇടവകാംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!