കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ കെട്ടിടത്തിന് 3.5 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചു, ഡിസംബറിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും : ഡോ.എൻ.ജയരാജ്
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച 3.5 കോടിയുടെ പ്രവര്‍ത്തിക്ക് സാങ്കേതിക അനുമതിയായതായി കാഞ്ഞിരപ്പള്ളി എംഎൽഎയും ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് അറിയിച്ചു. കഴിഞ്ഞ മെയ് മാസം ഇത് സംബന്ധിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. തുടര്‍ന്ന് സ്ട്രക്ചറല്‍ ഡിസൈനിങ്ങ് അടക്കം പൂര്‍ത്തിയാക്കിയട്ടാണ് സാങ്കേതികാനുമതി നല്‍കിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ബൈപാസിന് സ്ഥലമേറ്റെടുത്തശേഷം ബാക്കിവന്നിരിക്കുന്ന സ്ഥലവും ചേര്‍ത്ത് നിലവിലെ പഞ്ചായത്ത് കെട്ടിടം ഇരിക്കുന്ന സ്ഥലവും ചേര്‍ത്ത് റോഡ് ലെവലില്‍ മണ്ണെടുത്ത് താഴ്ത്തിയിട്ടാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. പഴയ കെട്ടിടം പൊളിക്കുന്നതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ അത് പൊളിച്ചുമാറ്റും.
ഭാവിയില്‍ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തുന്നതിനു കൂടി ലക്ഷ്യമിട്ടുള്ള വിശാലമായ ഓഫീസ് കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. 2 നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഭരണസമിതി ചുമതലയിലുള്ളവര്‍ക്കും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം ക്യാബിനുകളൊരുക്കും. ഭിന്നശേഷി സൗഹൃദമായി നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തില്‍ ലിഫ്റ്റ്, റാംപ് എന്നിവയും ഉണ്ടായിരിക്കും. രണ്ടാം നിലയില്‍ എം എല്‍ എയ്ക്കും ഓഫീസ് സജ്ജമാക്കും. എഞ്ചിനീയറിങ്, തൊഴിലുറപ്പ്, ശിശുക്ഷേമവിഭാഗം, കുടുംബശ്രീ എന്നിവയ്ക്കും പ്രത്യേകം ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തും. ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കത്തക്കവിധത്തില്‍ വിപുലമായ ടോയിലെറ്റ് സംവിധാനവും നിര്‍മ്മിക്കും. 13000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിര്‍മ്മിക്കുക. ആവശ്യമായ പാര്‍ക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും. ഈയാഴ്ച തന്നെ ടെണ്ടര്‍ വിളിക്കും. നടപടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ അവസാനവാരത്തില്‍ നിര്‍മ്മാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.