ശബരിമല ദർശനത്തിയ സംഘത്തിലെ
ഒമ്പതു വയസ്സുകാരിയെ ബസില്‍ മറന്നു, പോലീസ് കണ്ടെടുത്തു..

ശബരിമല: തമിഴ്നാട്ടിൽനിന്ന്​ ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ തീര്‍ഥാടക സംഘം ഒമ്പതു വയസ്സുകാരിയെ ബസില്‍ മറന്നു
പൊലീസിന്‍റെ വയർലെസ് സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ അട്ടത്തോട്ടില്‍നിന്ന് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 10ഓടെയാണ്​ സംഭവം.

ആന്ധ്രപ്രദേശ് സര്‍ക്കാറിന്‍റെ ബസില്‍ ദര്‍ശനത്തിന് വന്ന തമിഴ്‌നാട് സ്വദേശികളായ പിതാവിനും മുത്തശ്ശിക്കും ഒപ്പം എത്തിയ നാലാം ക്ലാസുകാരിയെയാണ് മറന്നത്. തീർഥാടകരെ പമ്പയിലിറക്കി ബസ് നിലയ്ക്കലിലേക്ക് പുറപ്പെട്ട ശേഷമാണ് കുട്ടി കൂടെയില്ലെന്നത്​ മനസ്സിലാക്കിയത്.

ഉടന്‍ കുട്ടിയുടെ പിതാവ് അടങ്ങുന്ന സംഘം പമ്പയിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. അപ്പോൾ തന്നെ പൊലീസിന്‍റെ വയര്‍ലെസ് സെറ്റിലൂടെ വിവരം കൈമാറി. ഈ സമയം നിലയ്ക്കല്‍-പമ്പ റൂട്ടില്‍ പട്രോളിങ്​ നടത്തിയിരുന്ന ആറ്റിങ്ങല്‍ എ.എം.വി.ഐ ആര്‍. രാജേഷും കുന്നത്തൂര്‍ എ.എം.വി.ഐ ജി. അനില്‍കുമാറും അട്ടത്തോടിന് സമീപം ബസ് കണ്ടെത്തി. ഡ്രൈവറോടും കണ്ടക്ടറോടും കുട്ടി അതിലുണ്ടോ എന്ന് തിരക്കിയപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.

ഇരുവരും വാഹനത്തില്‍ കയറി പരിശോധിച്ചപ്പോഴാണ്​ ഏറ്റവും പിന്നി​ലെ സീറ്റുകളിലൊന്നിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ കണ്ടെത്തിയത്​. വിവരം പൊലീസിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും വയർലെസ് സെറ്റിന് റേഞ്ചില്ലാത്തതിനാല്‍ കഴിഞ്ഞില്ല. തുടർന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനത്തില്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചു. കുട്ടിയുമായി സംഘം സന്നിധാനത്തേക്ക് യാത്ര തുടർന്നു.

error: Content is protected !!