പമ്പയിലേക്ക് കടത്തി വിടാത്തതിൽ പ്രതിഷേധം; എരുമേലിയിൽ വാഹനങ്ങൾ തടഞ്ഞ് തീർഥാടകർ
എരുമേലി ∙ പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് എരുമേലിയിൽ ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. എരുമേലി– റാന്നി പാതയാണ് ഉപരോധിച്ചത്. ഒരു വാഹനം പോലും തീർഥാടകർ കടത്തിവിട്ടില്ല. തീർഥാടക വാഹനങ്ങൾ പമ്പയിലേയക്ക് കടത്തിവിടണം എന്നാണ് ഇവരുടെ ആവശ്യം.
മണിക്കൂറുകള്‍ കാത്തുനിന്നിട്ടും അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്കു പോകാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നു പ്രമുഖ ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തരും പൊലീസും തമ്മില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വാക്കേറ്റമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാവിലെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ എത്തിയ നൂറുകണക്കിനു ഭക്തരെ ഏരുമേലിയിലും പമ്പയിലും തിരക്കാണെന്നു ചൂണ്ടിക്കാട്ടി ഏറ്റുമാനൂരില്‍നിന്നു പോകാന്‍ അനുവദിച്ചിരുന്നില്ല.
ഭക്തര്‍ കൂട്ടത്തോടെ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച മുഴുവന്‍ ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനിയില്‍ പൊരിവെയിലില്‍ കുട്ടികളുമൊത്ത് കഴിഞ്ഞിരുന്ന ഭക്തര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ശബരിമലയിലേക്കു പോകാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുമായി വാക്കേറ്റമുണ്ടായത്. പമ്പയില്‍നിന്നു നിര്‍ദേശം ലഭിക്കുന്നതിന് അനുസരിച്ച് മാത്രം ഇടത്താവളങ്ങളില്‍നിന്ന് ഭക്തരെ യാത്രയ്ക്ക് അനുവദിക്കുന്നതാണ് പ്രശ്‌നത്തിനിടയാക്കിയത്.