KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവകേരള സദസ് ഇന്ന് ; കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ – ഒരുക്കങ്ങള്‍ പൂര്‍ത്തിയായി പൊൻകുന്നം ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടിൽ വേദി..

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രിയും മന്ത്രിമാരും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നവകേരള സദസ് പരിപാടിയുമായി ഇന്ന് (ഡിസംബര്‍ 12) വൈകുന്നേരം 4 മണിക്ക് പൊന്‍കുന്നത്ത് എത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊന്‍കുന്നം ഗവണ്‍മെന്റ് സ്‌കൂളിന്റെ മൈതാനത്താണ് വേദിയൊരുക്കുന്നത്.

നവകേരള സദസ്സിന്റെ ഭാഗമായി ഉച്ചയ്ക്ക് 3 മണി മുതല്‍ 25 കൗണ്ടറുകളിലായി പരാതികളും നിവേദനങ്ങളും സ്വീകരിക്കും. ഇതില്‍ അഞ്ചു കൗണ്ടറുകള്‍ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്ക് രണ്ടും ഭിന്നശേഷിക്കാര്‍ക്കായി ഒന്നും കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കും. ഈ പരാതികള്‍ അന്നേ കോട്ടയം കളക്ട്രേറ്റില്‍ നിന്നും അതാത് വകുപ്പുകളിലെത്തിക്കും. 7000 പേര്‍ക്ക് ഇരിക്കുവാനുള്ള പന്തൽ ഒരുക്കിയിട്ടുണ്ട്. പന്തലിന്റെ ഉള്ളിലും പുറത്തുമായി 15,000 പേർക്ക് പങ്കെടുക്കുവാൻ സാധിക്കും.

മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുമ്പ് സ്റ്റേജില്‍ ഒന്നര മുതൽ വിവിധ കലാപരിപാടികള്‍ നടക്കും. ചടങ്ങില്‍ ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എം എല്‍ എ അധ്യക്ഷനാകും. നവകേരള സദസിനു മുന്നോടിയായി സാംസ്‌ക്കാരിക റാലികള്‍, സദസുകള്‍, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍, സെമിനാര്‍ എന്നിവ നടത്തി.

വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, ഡപ്യൂട്ടി കളക്ടര്‍ ഗീതാകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാകേഷ്, റ്റി എസ് ഓ ജയന്‍, നിയാസ് എന്നിവരും സംഘാടക സമിതി അംഗങ്ങളായ മുകേഷ് കെ മണി, അജിതാ രതീഷ്, ഗിരീഷ് കുമാര്‍ റ്റി എന്‍, വി ജി ലാല്‍, ഷമീം അഹമ്മദ്, ഗിരീഷ് എസ് നായര്‍, എം എ ഷാജി, ബി ഡി ഓ സുജിത് എന്നിവരും പരിപാടികള്‍ വിശദീകരിച്ചു.

error: Content is protected !!