എരുമേലി ലോകത്തിനു മാതൃക; ശശി തരൂർ എം.പി.

എരുമേലി : ഹിന്ദു – മുസ്ലിം മതമൈത്രി നിറഞ്ഞ അയ്യപ്പഭക്തി നേരിട്ട് കണ്ട് നാടിന് അഭിനന്ദനങ്ങൾ നേർന്ന് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം ശശി തരൂർ എം. പി. ചൊവ്വാഴ്ച രാവിലെ എരുമേലി ടൗണിൽ എത്തിയ അദ്ദേഹം നൈനാർ മസ്ജിദും ശ്രീധർമ ശാസ്താ ക്ഷേത്രങ്ങളും സന്ദർശിച്ചു.

പേട്ടതുള്ളൽ പാതയിലൂടെ നടന്ന് വലിയമ്പലത്തിൽ എത്തിയ അദ്ദേഹം അയ്യപ്പ ഭക്തരോട് സംഭാഷണം നടത്തി. തുടർന്ന് മാധ്യമ പ്രവർത്തകരോട് സംസാരിച്ച അദ്ദേഹം എരുമേലി പ്രകടമാക്കുന്ന മത സാഹോദര്യം ലോകത്തിനാകെ മാതൃക ആണെന്നും ഇത് ഇന്ത്യയുടെ അഭിമാനമായ നാടാണെന്നും പറഞ്ഞു. ആരാധനാലയങ്ങൾ സന്ദർശിക്കാൻ എത്തിയതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വധ ശ്രമം അടക്കമുള്ള വകുപ്പുകൾ ഉൾപ്പടെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

പത്തനംതിട്ട എം. പി ആന്റോ ആന്റണിയോടൊപ്പം എത്തിയ അദ്ദേഹത്തെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി. എ സലീം, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ഇ. ജെ ബിനോയ് , പഞ്ചായത്ത് അംഗം നാസര്‍ പനച്ചി, എരുമേലി ജമാത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ്, സെക്രട്ടറി സി.എ.എ കരീം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, സി. കെ മോഹിനി, നെടുംകുന്നം മുഹമ്മദ്‌, ബിനു നിരപ്പേല്‍ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

error: Content is protected !!