ഇന്ത്യയെ മതാധിപത്യ രാജ്യമാക്കാൻ ബി.ജെ.പി.ശ്രമിക്കുന്നു-പന്ന്യൻ രവീന്ദ്രൻ
വാഴൂർ: കാനം രാജേന്ദ്രൻ ജനകീയനായ നേതാവായിരുന്നുവെന്നും എ.ഐ.ടി.യു.സി.യിലൂടെ രാജ്യമാകമാനമുള്ള തൊഴിലാളികൾക്കുവേണ്ടി പോരാടുകയും ചെയ്‌തെന്ന് സി.പി.ഐ.മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. യുവജനപ്രസ്ഥാനത്തിലൂടെ കടന്നുവന്ന അദ്ദേഹം യുവജനങ്ങളെ സംഘടിപ്പിക്കുന്നതിൽ മികവുപ്രകടിപ്പിച്ച നേതാവുമായിരുന്നു. കൊടുങ്ങൂരിൽ സി.പി.ഐ.കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിന് കാനം രാജേന്ദ്രൻ സ്മാരകമായി നാമകരണം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ.
ഇന്ത്യ ജനാധിപത്യ മതേതര രാജ്യമാണ്. എന്നാൽ മതാധിപത്യ രാജ്യമാക്കാൻ ബി.ജെ.പി.ശ്രമിക്കുകയാണ്. രാജാധിപത്യത്തോടെ അവസാനിച്ച ചെങ്കോലും കിരീടവും തിരിച്ചുകൊണ്ടുവന്ന് ഏകാധിപത്യസ്വഭാവം തെളിയിക്കുകയാണ് മോദി. ത്രേതായുഗത്തിൽ ജനിച്ച് എല്ലാവർക്കും നീതി ഉറപ്പാക്കിയ രാമനെ ഒരു മതത്തിന്റെ സ്വന്തമായി ചിത്രീകരിക്കുകയാണിന്ന്. എല്ലാവർക്കും 15 ലക്ഷം രൂപവീതം അക്കൗണ്ടിൽ കൊടുക്കുമെന്ന് പറഞ്ഞ് മോദി ജനങ്ങളെ വഞ്ചിച്ചു. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ കുത്തകകൾക്ക് തീറെഴുതിയെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സി.പി.ഐ.ജില്ലാകൗൺസിൽ അംഗം രാജൻ ചെറുകാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി, സംസ്ഥാന എക്‌സി.അംഗം സി.കെ.ശശിധരൻ, ജില്ലാസെക്രട്ടറി അഡ്വ.വി.ബി.ബിനു, അഡീ.അഡ്വ.ജനറൽ കെ.പി.ജയചന്ദ്രൻ, ഒ.പി.എ.സലാം, വി.കെ.സന്തോഷ്‌കുമാർ, മോഹൻ ചേന്നംകുളം, ഹേമലത പ്രേംസാഗർ, അജി കാരുവാക്കൽ, സുരേഷ് കെ.ഗോപാൽ, സി.ജി.ജ്യോതിരാജ്, വാവച്ചൻ വാഴൂർ, സ്വപ്‌ന റെജി, ടി.സി.ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.