കണമല പാറക്കടവിൽ ഒറ്റയാന്റെ വിളയാട്ടം ; നാട്ടുകാർ ഭീതിയിൽ
കണമല : അർദ്ധരാത്രിയിൽ നാട്ടിൽ കാട്ടാനയുടെ വിളയാട്ടം. നിരവധി പേരുടെ പറമ്പുകളിലെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. പുലർച്ചെ വനപാലകർ എത്തി ആനയെ തുരത്തി ഓടിച്ചതോടെ ആണ് ഭീതി ഒഴിഞ്ഞത്.
എന്നാൽ നാട് വിടാതെ സമീപത്തെ കാട്ടിൽ ആന ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. വനത്തിൽ നിന്നും കൂട്ടം തിരിഞ്ഞെത്തിയ ഒറ്റയാൻ ആണ് ഏതാനും ദിവസങ്ങളായി കണമല പാറക്കടവ് പ്രദേശത്ത് ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ടാപ്പിങ് തൊഴിലാളിയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. വീണ് പരിക്കുകളോടെ ഭാഗ്യം കൊണ്ടാണ് ഇയാൾ രക്ഷപെട്ടത്.
കഴിഞ്ഞ ദിവസം മഠത്തിനകം മോനിച്ചന്റെ വീട്ടുമുറ്റത്ത് അർദ്ധ രാത്രിയിൽ എത്തിയ ആന സമീപത്തെ വീടുകളിലെ കൃഷികൾ നശിപ്പിച്ചു. കാട്ടിലേക്ക് മടങ്ങാതെ പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. കാട്ടിലേക്ക് തുരത്തി ഓടിച്ചില്ലെങ്കിൽ ഇനിയും ആന ആക്രമണം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കഴിഞ്ഞ മെയ് മാസം രണ്ട് പേർ ആണ് കണമലയിൽ വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടുപോത്ത് ആണ് രണ്ട് കർഷകരുടെ ജീവനെടുത്തത്. സമീപ പ്രദേശമായ കാളകെട്ടിയിൽ ഏതാനും ദിവസങ്ങളായി കാട്ടുപോത്തുകൾ തമ്പടിച്ച നിലയിലാണ്.