സംഘടനാശക്തി വിളിച്ചോതി ഇന്‍ഫാം നേതൃശില്പശാല

പാറത്തോട്: സംഘടനാശക്തി വിളിച്ചോതി ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല നേതൃശില്പശാലയും വിവിധ സെല്ലുകളുടെ ശില്പശാലയും ജില്ലാ സമിതി യോഗവും പാറത്തോട് കേന്ദ്ര ഓഫീസില്‍ നടന്നു.

ഹൈറേഞ്ച് മേഖല നേതൃശില്പശാല കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ ഏറ്റവും പരിശുദ്ധമായ ജോലിയാണ് ചെയ്യുന്നതെന്നും ആ ജോലി അഭിമാനപൂര്‍വ്വം തുടരണമെന്നും ഫാ. ജോസഫ് വെള്ളമറ്റം പറഞ്ഞു. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ കര്‍ഷകര്‍ ഒന്നിച്ചു നില്‍ക്കണമെന്നും കര്‍ഷകരുടെ ഐക്യത്തിന്റെ ശക്തിയായി ഇന്‍ഫാം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരികളുടെ ശ്രദ്ധ കാര്‍ഷിക വിഷയത്തിലേക്ക് എത്തിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ കൃഷിരീതികളെക്കുറിച്ച് ബോധവത്കരണവും നടത്തുന്ന ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്ന് ലോറേഞ്ച് മേഖല നേതൃശില്പശാല ഉദ്ഘാടനം ചെയ്ത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. നാടന്‍ വിഭവങ്ങള്‍ കൂടുതലായി കൃഷി ചെയ്യാനും അവ സംഭരിക്കുവാനും സംസ്‌കരിച്ച് വിപണിയിലെത്തിക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് വിലയും ഗുണവും സംലഭ്യതയും ഉറപ്പാക്കുന്ന വിധത്തിലേക്ക് വളരാനും സംഘടനയ്ക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ സെല്ലുകളുടെ ശില്പശാല വികാരി ജനറാള്‍ റവ.ഡോ. കുര്യന്‍ താമരശേരി ഉദ്ഘാടനം ചെയ്തു. ലോകം മുഴുവന്‍ കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കര്‍ഷകര്‍ക്ക് വേണ്ടി ക്രിയാത്മകമായ ഇടപ്പെടല്‍ നടത്താനും ഇന്‍ഫാമിന് കഴിഞ്ഞുവെന്നും റവ.ഡോ. കുര്യന്‍ താമരശേരി പറഞ്ഞു.

ഹൈറേഞ്ച് മേഖലയിലെ വിവിധ കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ച് സെബാസ്റ്റ്യന്‍ മുക്കുങ്കലും ലോറേഞ്ച് മേഖലയിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ജോസ് താഴത്തുപീടികയും പ്രമേയം അവതരിപ്പിച്ചു.
യോഗങ്ങളില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയിലെ 12 താലൂക്കുകളിലെയും വിവിധ സെല്ലുകളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ അധ്യക്ഷതവഹിച്ചു. ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍, പൊന്‍കുന്നം താലൂക്ക് ഡയറക്ടര്‍ ഫാ. മാത്യു പനച്ചിക്കല്‍, മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ഫാ. ജയിംസ് വെണ്‍മാന്തറ, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. ജസ്റ്റിന്‍ മതിയത്ത്, ഫാ. റോബിന്‍ തെക്കേല്‍
ജെയ്‌സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയി, ബേബി ഗണപതിപ്ലാക്കല്‍, ജോമോന്‍ ചേറ്റുകുഴി, താലൂക്ക് രക്ഷാധികാരികള്‍, താലൂക്ക് ഡയറക്ടര്‍മാര്‍, താലൂക്ക് ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!