കടുവാ ഭീതിയിൽ പാമ്പാവാലി മേഖല : കടുവ ഭക്ഷിച്ച നിലയിൽ മ്ലാവിന്റെ ജഡം പുരയിടത്തിൽ കണ്ടെത്തി
കണമല : കഴിഞ്ഞയിടെ കടുവയുടെ സാന്നിധ്യം കണ്ട് ടാപ്പിംഗ് തൊഴിലാളി ഓടി രക്ഷപെട്ട പമ്പാവാലി തുലാപ്പള്ളി പ്രദേശത്ത് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന നിലയിൽ കടുവ ഭക്ഷിച്ച നിലയിൽ കർഷകന്റെ പുരയിടത്തിൽ മ്ലാവിന്റെ ജഡം കണ്ടെത്തി . സംഭവത്തിൽ സ്ഥലത്ത് എത്തി പരിശോധനയും തെളിവെടുപ്പും നടത്തിയതിനൊപ്പം നിരീക്ഷണവും ഏർപ്പെടുത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. കടുവയെ കണ്ടെത്തി പിടികൂടി ഭീതി പരിഹരിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്.
കർഷകനായ വട്ടപ്പാറ കുളങ്ങര ജോർജുകുട്ടിയുടെ പുരയിടത്തിലാണ് മ്ലാവിൻ്റെ ജഡം കാണപ്പെട്ടത്. ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം നാളുകളായി ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ആഴ്ചയാണ് വയറക്കുന്നേൽ പൊന്നച്ചൻ എന്ന കർഷകൻ കടുവയുടെ മുന്നിൽ പെട്ടത്. കടുവ കേഴയെ പിടിച്ച് കൊണ്ടുപോവുകയായിരുന്നതുകൊണ്ടു മാത്രമാണ് തനിക്ക് രക്ഷപെടാനായതെന്ന് പൊന്നച്ചൻ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി നിരവധി വളർത്തുമൃഗങ്ങളേയും കടുവ കൊണ്ടുപോയിട്ടുണ്ടന്ന് നാട്ടുകാർ പറയുന്നു. കടുവാ ഭീതിയിലാണ് നാട്ടുകാരെന്നും മനുഷ്യ ജീവൻ അപഹരിക്കുന്നത് വരെ കാത്തു നിൽക്കാതെ എത്രയും വേഗം പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.