ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം ഉടൻ

എരുമേലി ∙ നിർദിഷ്ട ശബരി വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പിന്റെ പ്രാഥമിക വിജ്ഞാപനം (വകുപ്പ് 11 ഉപവകുപ്പ് ഒന്ന്) അടുത്തയാഴ്ച പുറത്തിറങ്ങും. റവന്യു വകുപ്പ് നടപടി അവസാനഘട്ടത്തിലാണ്. ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശനിയമം–2013 പ്രകാരമാണു പ്രാഥമിക വിജ്ഞാപനം ഇറക്കുന്നത്. 2569.5 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടികളാണു നടക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് കൂടാതെ എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 160 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കുന്നുണ്ട്.

11(1) പ്രകാരം ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ ഏകദേശ വിസ്തീർണം, വസ്തു ഉടമകളുടെ പേര്, വിലാസം ഉൾപ്പെടെ ഗസറ്റിൽ വിജ്ഞാപനം ചെയ്യും.

റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലമുടമകൾക്കും സമീപ വസ്തു ഉടമകൾക്കും നോട്ടിസ് നൽകി സ്ഥലം അളന്നുതിട്ടപ്പെടുത്തും. കാറ്റഗറി തിരിച്ച് സ്ഥലമൂല്യം കണക്കാക്കും.നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്ന ജോലി തുടരും. നിർമാണങ്ങളുടെ മൂല്യം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗവും രാജകീയ വൃക്ഷങ്ങളുടെ മൂല്യം സാമൂഹിക വനവൽക്കരണ വിഭാഗവും മറ്റു മരങ്ങളുടെയും കാർഷികവിളകളുടെയും മൂല്യം കൃഷിവകുപ്പുമാണു കണക്കാക്കുന്നത്.

ഇതിനുശേഷം 18(1) വിജ്ഞാപനം ഇറക്കും. ഏറ്റെടുക്കേണ്ട ഭൂമിയുടെ കൃത്യമായ അളവ് അടക്കമാണ് വിജ്ഞാപനം ഇറക്കുക. ഒരു വർഷത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണമെന്നാണു ചട്ടം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാലും സ്ഥലമേറ്റെടുപ്പിനെ ബാധിക്കില്ലെന്നും റവന്യു അധികൃതർ പറയുന്നു.

error: Content is protected !!