ജീവിതശൈലി രോഗങ്ങളെ ചെറുക്കുവാൻ ” കരുതൽ 2024 ” കൂട്ടനടത്തം സംഘടിപ്പിച്ചു
മണിമല : ആരോഗ്യകരമായ ഒരു ജീവിതത്തിന് മുതൽക്കൂട്ടായി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി, വെള്ളാവൂർ ഗ്രാമപഞ്ചായത്ത്, വെള്ളാവൂർ കുടുംബ ആരോഗ്യകേന്ദ്രം എന്നിവർ സംയുക്തമായി ആവിഷ്കരിച്ച കരുതൽ 2024 – “കൂട്ടനടത്തം ” ഫെബ്രുവരി 25 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മണിമലയിൽ വച്ചു നടത്തപ്പെട്ടു.
നാൾക്കു നാൾ വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ ചെറുക്കുവാനും, നിയന്ത്രിച്ചു നിർത്തുവാനും, ഇവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും, ഇങ്ങനെയുള്ള രോഗങ്ങൾ ദീർഘകാലം നിലനിൽക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഏകദേശം ഒരു വർഷക്കാലം ദൈർഘ്യമേറിയ ഒരു പദ്ധതി ആയിട്ടാണ് ഇതിനെ ക്രമീകരിച്ചിട്ടുള്ളത്. വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പ്രസ്തുത പദ്ധതിയുടെ ഭാഗമായി “മാറ്റങ്ങൾ നമ്മളിൽ നിന്ന് തുടങ്ങട്ടെ “എന്ന ആശയവുമായിട്ടാണ് ഈ കൂട്ടം നടത്തം സംഘടിപ്പിച്ചിട്ടുള്ളത്.
വെള്ളാവൂർ പഞ്ചായത്ത് പരിസരത്തു നിന്നും വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച കൂട്ട നടത്തം മണിമല ബസ് സ്റ്റാൻഡ് പരിസരത്താണ് സമാപിച്ചത്. വൻ ജന ജനപങ്കാളിത്തവും, പ്രമുഖരായ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യവും കൊണ്ടും ഈ പരിപാടി ശ്രദ്ധേയമായി.
മുഖ്യ അതിഥിയായ മിസ്സിസ് സൗത്ത് ഇന്ത്യ റണ്ണറപ്പായ ആഷ്മി ബിനു ഈ കൂട്ട നടത്തത്തിൽ സജീവ പങ്കാളിയായി. ഇതിനുശേഷം നടന്ന സമാപന സമ്മേളനത്തിൽ വെള്ളാവൂർ പഞ്ചായത്ത് പ്രസിഡൻറ് ടി എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതിന് കരുതൽ 2024 നു കഴിയുമെന്നും ഈ പദ്ധതി സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഇത്തരം പദ്ധതികൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ച എം.എൽ.എ എൻ ജയരാജ് ചൂണ്ടിക്കാട്ടി. ആരോഗ്യ പൂർണ്ണമായ ജീവിതത്തെക്കുറിച്ചും, ജീവിതശൈലി രോഗങ്ങളെ കുറിച്ചും പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോ. ടി എം ഗോപിനാഥപിള്ള വിശദീകരിച്ചു.
സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് മുഹമ്മദ് റിയാസ് , വെള്ളാവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ കൃഷ്ണ ബി, പഞ്ചായത്തംഗം ബെൻസി ബൈജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനിമോൾ ടി. കെ സ്വാഗതവും, വെള്ളാവൂർ കുടുംബആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സാറാക്കുട്ടി എബ്രഹാം നന്ദിയും അറിയിച്ചു. സ്വരുമ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ, വിവിധ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, വ്യാപാര വ്യവസായ പ്രമുഖർ, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നമ്മുടെ ആരോഗ്യകരമായ ഒരു നല്ല ജീവിത നാളേക്ക് വേണ്ടി ഏവരും ഒരുമിച്ചു സഹകരിക്കണമെന്നും , പ്രാവർത്തികമാക്കണമെന്നും ഉദ്ഘോഷിച്ചു കൊണ്ടാണ് ഈ യോഗം പര്യവസാനിച്ചത്.