ഗുരുവായൂർ ഉത്സവത്തിന് ചിറക്കടവ് സംഘത്തിന്റെ വേലകളി
പൊൻകുന്നം: ഗുരുവായൂർ ഉത്സവത്തിന് വേലകളിയുമായി ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളിസംഘം. ദേവസ്വത്തിന്റെ ക്ഷണപ്രകാരം വടക്കുംഭാഗം സംഘത്തിലെ 29 കുട്ടികളാണ് മേൽപ്പുത്തൂർ ഓഡിറ്റോറിയാങ്കണത്തിൽ ഭക്തർക്കുമുൻപിൽ വേലകളി അവതരിപ്പിച്ചത്.
ചിറക്കടവ് മഹാദേവക്ഷേത്രത്തിലും വിവിധ ക്ഷേത്രങ്ങളിലും ചിറക്കടവിലെ കുട്ടികൾ വേലകളി അവതരിപ്പിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഗുരവായൂരിൽ വേലകളി അവതരിപ്പിക്കുന്നത്. മറ്റുപ്രദേശങ്ങളിലെ വേലകളിസംഘത്തിൽ പ്രായപൂർത്തിയായവാരാണ് വേലകളിയിൽ പങ്കെടുക്കുന്നതെങ്കിലും ചിറക്കടവിൽ എല്ലാക്കാലത്തും ബാലന്മാരാണ് വേലകളിസംഘാംങ്ങൾ. ഒരുവർഷം നീളുന്ന പരിശീലനത്തിലൂടെയാണ് ഓരോ വർഷവും അമ്പതിലേറെ കുട്ടികൾ പഠനം പൂർത്തിയാക്കി ചിറക്കടവ് മഹാദേവന് മുൻപിൽ അരങ്ങേറുന്നത്. ഇരിക്കാട്ട് എ.ആർ.കുട്ടപ്പൻനായരാണ് മുഖ്യആചാര്യൻ. ആചാര്യൻ കല്ലൂർക്കരോട്ട് ഉണ്ണികൃഷ്ണൻ നായർ, കണ്ണൻ കണിയാംപറമ്പിൽ, ഗോപുകൃഷ്ണൻ, ഉണ്ണി അമ്പാടി, ശ്രീകാന്ത് തോട്ടത്തിൽ തുടങ്ങിയവർ ഗുരുവായൂർ ക്ഷേത്രത്തിലെ വേലകളിക്ക് നേതൃത്വം നൽകി.