മലയോര പട്ടയംനടപടി ; മന്ത്രി സംബന്ധിക്കും

മുണ്ടക്കയം ∙ മലയോര മേഖലയിലെ ജനങ്ങൾക്ക് പട്ടയം ലഭ്യമാകുന്നതിനു മുന്നോടിയായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം നാളെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥർ പങ്കെടുക്കും. എരുമേലി വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം വില്ലേജുകളിലായി പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപെട്ടവർ ഉൾപ്പെടെ 7000 അപേക്ഷകളിന്മേൽ അനുകൂല നടപടികൾ സ്വീകരിച്ച് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളാണു നടക്കുന്നത്.

കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ഹിൽമെന്റ് സെറ്റിൽമെന്റ് പ്രദേശത്ത് നിലവിലുണ്ടായിരുന്ന വിവിധ തടസ്സങ്ങൾ ഇതിനോടകം പരിഹരിച്ചു. സംസ്ഥാന റവന്യു വകുപ്പ് നേതൃത്വം കൊടുക്കുന്ന പട്ടയ മിഷനിൽ ഉൾപ്പെടുത്തി പുഞ്ചവയൽ, മുരിക്കുംവയൽ, പാക്കാനം, 504, കുഴിമാവ്, പുലിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ ഉൾപ്പെടെ കൈവശ അവകാശികൾക്കു പട്ടയം നൽകുന്നതിനു പ്രത്യേക തഹസിൽദാർ ഓഫിസ് തുടങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്. പരമാവധി വേഗത്തിൽ അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണു മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പമ്പാവാലി, എയ്ഞ്ചൽ വാലി, ഈരാറ്റുപേട്ട നഗരസഭയിലെ കടപ്ലാക്കൽ കോളനി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ പാതാമ്പുഴ രാജീവ് ഗാന്ധി കോളനി തുടങ്ങി പട്ടയം ഇല്ലാതിരുന്ന ഒട്ടേറെ മേഖലകളിൽ ഇതിനോടകം പട്ടയം ലഭ്യമാക്കുന്നതിന് കഴിഞ്ഞുവെന്നും കഴിഞ്ഞ രണ്ടര കാലയളവിനുള്ളിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ രണ്ടായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു കഴിഞ്ഞതായും എംഎൽഎ പറഞ്ഞു.

error: Content is protected !!