പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പാലങ്ങളുടെ പുനരുദ്ധാരണത്തിന് 26.74 ലക്ഷം
മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തകരാറിലായ മൂന്നു പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് മുഖേന 26.74 ലക്ഷം രൂപ അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഞണ്ടുകല്ല് പാലത്തിന് 8.35 ലക്ഷം രൂപയും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വെട്ടുകല്ലാംകുഴി പാലത്തിന് 5.83 ലക്ഷം രൂപയും കോരുത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പനക്കച്ചിറ പാലത്തിന് 12.56 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
കൂടാതെ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടൗൺ പാലവും ഏന്തയാർ മുക്കുളം പാലവും ഉടൻ നിർമാണം ആരംഭിക്കുമെന്നും ഇരുപത്താറാംമൈൽ-എരുമേലി റോഡിലെ ഇരുപത്താറാംമൈലിൽ പുതിയ പാലം നിർമാണത്തിനു സ്ഥലമേറ്റെടുപ്പ് നടപടികൾ നടന്നുവരികയാണെന്നും എംഎൽഎ അറിയിച്ചു. എരുമേലി പഞ്ചായത്തിലെ മൂക്കൻപെട്ടി പാലം, തിടനാട് ഗ്രാമപഞ്ചായത്തിലെ ചിറ്റാറ്റിൻകര പാലം, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ കാവുംകടവ് പാലം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ പാലം എന്നിവയുടെ പുനർനിർമാണത്തിന് ഇൻവെസ്റ്റിഗേഷൻ നടന്നുവരികയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.