സ്വന്തമായി സ്ഥലമില്ലാത്തവർക്കു വീടുവയ്ക്കാൻ നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് ഭൂമി നൽകും
കാഞ്ഞിരപ്പള്ളി ∙ സ്വന്തമായി സ്ഥലമില്ലാത്തവർക്കു വീടുവയ്ക്കാൻ നൈനാർ പള്ളി സെൻട്രൽ ജമാഅത്ത്, നുസ്റത്തുൽ മസാഖീൻ എന്നിവയുടെ നേതൃത്വത്തിൽ ഭൂമി നൽകും. നൈനാർ പള്ളിയുടെ കീഴിലുള്ള 13 മഹല്ലുകളിലെ അംഗങ്ങളിൽ നിർധനരായ 55 പേർക്കു 4 സെന്റ് സ്ഥലം വീതമാണ് നൽകുന്നത്.
പഞ്ചായത്ത് 4–ാം വാർഡിൽ വില്ലണിയിൽ സെൻട്രൽ ജമാഅത്ത് വില കൊടുത്തു വാങ്ങിയ രണ്ടര ഏക്കർ സ്ഥലമാണു 55 പേർക്കായി നൽകുന്നത്. ബാക്കിയുള്ള 30 സെന്റ് സ്ഥലത്ത് നിരാശ്രയരായ മുതിർന്നവർക്ക് ജീവിതാവസാനം വരെ താമസിക്കാൻ ഷെൽറ്റർ ഹോം നിർമിക്കും.
രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂമി കൈമാറുമെന്നു ജമാ അത്ത് പ്രസിഡന്റ് പി.എം.അബ്ദുൽ സലാം പാറയ്ക്കൽ, സെക്രട്ടറി ഷഫീഖ് താഴത്തുവീട്ടിൽ എന്നിവർ അറിയിച്ചു.