കനത്ത ചൂടിൽ ഉരുകി ക്ഷീരകാർഷിക രംഗം
കാഞ്ഞിരപ്പള്ളി : ∙ കനത്ത ചൂടിൽ മലയോര മേഖലയിലെ ക്ഷീരകാർഷിക രംഗം പ്രതിസന്ധിയിൽ. ജലക്ഷാമവും പച്ചപ്പുല്ല് കിട്ടാനില്ലാത്തതും കാലിത്തീറ്റയുടെ വില വർധനയുമെല്ലാം ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കി. ക്ഷീരസംഘങ്ങളിൽ കർഷകന് ഒരു ലീറ്റർ പാലിന് 43 മുതൽ 48 രൂപയാണു വരെയാണു ലഭിക്കുന്നത്. ഇടനിലക്കാരില്ലാതെ വീടുകളിലും ഹോട്ടലുകളിലും വിൽക്കുമ്പോൾ ലീറ്ററിനു 52 രൂപ വരെ ലഭിക്കും. പച്ചപ്പുല്ല് ഇല്ലാത്ത നിലവിലുള്ള അവസ്ഥയിൽ കച്ചിയെ പൂർണമായി ആശ്രയിച്ചാണ് കർഷകർ കന്നുകാലികളെ വളർത്തുന്നത്. തീറ്റയും കച്ചിയും ശുദ്ധജലവും മുഴുവൻ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയിലാണ് കർഷകർ. ഉൽപാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ ക്ഷീരകൃഷി നഷ്ടത്തിലാണെന്നു കർഷകർ പറയുന്നു.
ക്ഷീരകാർഷിക മേഖലയിൽ നിന്നു 3 വർഷത്തിനിടെ 30 ശതമാനത്തോളം കർഷകർ പിൻവാങ്ങി. കാഞ്ഞിരപ്പള്ളി ബ്ലോക്കിനു കീഴിൽ 30 ക്ഷീരസംഘങ്ങളാണുള്ളത്. 2022ൽ 31 സംഘങ്ങളിലായി 950 കർഷകർ വരെ അംഗങ്ങളായിരുന്ന സ്ഥാനത്ത് നിലവിൽ 613 കർഷകരാണുള്ളത്. പ്രതിദിനം 7500 മുതൽ 8500 ലീറ്റർ വരെ പാൽ സംഭരിച്ചിരുന്നത് ഇപ്പോൾ 6700 ലീറ്ററായി കുറഞ്ഞു. കൂടാതെ ഒരു സൊസൈറ്റിയിലും അംഗങ്ങളാകാത്ത ഒട്ടേറെ കർഷകരും കൃഷി ഉപേക്ഷിച്ചു.
ഒരു കറവപ്പശുവിന് 5 ദിവസത്തേക്ക് ഏറ്റവും കുറഞ്ഞത് 1000 ലീറ്റർ ശുദ്ധജലം എങ്കിലും വേണമെന്നാണ് കർഷകർ പറയുന്നത്. ജലക്ഷാമം രൂക്ഷമായ മേഖലകളിൽ വാഹനങ്ങളിൽ എത്തിക്കുന്ന 1000 ലീറ്റർ ശുദ്ധജലം വിലയ്ക്ക് വാങ്ങുന്നതിനു 375 രൂപ മുതൽ 400 രൂപ വരെ ചെലവ് വരുന്നുണ്ട്.
ഇത് കർഷകർക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.ഒരു കെട്ട് കച്ചിക്ക് 230 രൂപ മുതലാണ് വില. ഒരു കെട്ട് കച്ചി ഉണ്ടെങ്കിൽ 4 മുതൽ 5 ദിവസം വരെയാണ് കൊടുക്കാൻ കഴിയുക.സമീപസംസ്ഥാനങ്ങളിൽ കൊയ്ത്ത് കാലം ആയതിനാൽ കച്ചിക്ക് വില കുറയുന്നു എന്നതും നേരിയ ആശ്വാസമാണ്.ക്ഷീരസംഘങ്ങൾ സബ്സിഡി നിരക്കിൽ കർഷകർക്ക് കച്ചി എത്തിച്ചു നൽകാറുണ്ട്.
കർഷകർ നേരിടുന്ന പ്രതിസന്ധികൾ
■ വേനൽ കടുത്തതോടെ പശുക്കളെ കുളിപ്പിക്കാനും മറ്റും ആവശ്യത്തിനു വെള്ളമില്ലാത്ത സ്ഥിതി.
■ പച്ചപ്പുല്ല് ലഭിക്കാനില്ല, പറമ്പുകളിലെ പുല്ലുകൾ വാടിക്കരിഞ്ഞു.
■ വന്യമൃഗശല്യം കാരണം വനമേഖലയിലും സമീപങ്ങളിലും പോയി പുല്ലു ശേഖരിക്കാൻ കർഷകർക്കു കഴിയുന്നില്ല.
■ കാലിത്തീറ്റയുടെ വില ഒരു വർഷത്തിനിടെ 30 ശതമാനത്തോളം വർധിച്ചു. വർധന ഉൽപാദനച്ചെലവ് കൂട്ടി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ പാൽ ഉൽപാദനത്തിൽ 20 % പാലിന്റെ കുറവാണ് ഈ ഡിസംബർ, ജനുവരി മാസങ്ങളിൽ രേഖപ്പെടുത്തിയതെന്നാണു ജില്ലാ ക്ഷീരവികസന വകുപ്പിന്റെ കണക്ക്.