യാത്രക്കാർക്ക് അപകടഭീഷണിയായി കോൺക്രീറ്റ് സ്ലാബുകൾ
പൊൻകുന്നം ∙ സ്വകാര്യ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനു മുന്നിൽ കോൺക്രീറ്റ് സ്ലാബുകൾ ഇളകിക്കിടക്കുന്നത് യാത്രക്കാർക്ക് അപകടഭീഷണിയായി. കംഫർട്ട് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞപ്പോൾ അറ്റകുറ്റപ്പണികൾക്കായി ഇളക്കിയ സ്ലാബുകളാണ് യഥാവിധം സ്ഥാപിക്കാതെ ഇളകി കിടക്കുന്നത്. സ്റ്റാൻഡിൽ മുൻപുണ്ടായിരുന്ന കംഫർട്ട് സ്റ്റേഷൻ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽപെടുത്തി 10 ലക്ഷം രൂപം മുടക്കി നവീകരിച്ചു.
പിന്നീട് സെപ്റ്റിക് ടാങ്ക് നിറഞ്ഞപ്പോഴാണു സ്ലാബുകൾ ഇളക്കി അറ്റകുറ്റപ്പണികൾ നടത്തിയത്.
പണികൾക്കു ശേഷം സ്ലാബുകൾ ശരിയായി ഉറപ്പിക്കാതെ അലക്ഷ്യമായി സ്ഥാപിച്ചതാണു യാത്രക്കാർക്ക് ദുരിതമായത്.
കംഫർട്ട് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നവരും സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന വഴിയിലൂടെ എത്തുന്നവരും ഇതിൽ തട്ടി വീഴാനുള്ള സാധ്യതയേറെയാണ്. പരിമിതമായ സ്ഥല സൗകര്യമുള്ള സ്റ്റാൻഡിൽ ഒരേ സമയം അധികം ബസുകളെത്തിയാൽ യാത്രക്കാർക്ക് നടന്നു പോകാനുള്ള സൗകര്യം കുറവാണ്. ഇതിനിടെ സ്ലാബുകൾ ഇളകി കിടക്കുന്നത് അപകട സാധ്യതയും വർധിപ്പിച്ചു. സ്ലാബുകൾ ശരിയായ രീതിയിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.