ചെറുവള്ളിയിൽ പുനലൂർ- മൂവാറ്റുപുഴ പാതയും മണിമല – പഴയിടം- ചേനപ്പാടി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തി.
കാഞ്ഞിരപ്പള്ളി : 2021ലെ പ്രളയത്തിൽ തകർന്ന, പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയെയും മണിമല – പഴയിടം- ചേനപ്പാടി റോഡിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ചെറുവള്ളി നടപ്പാലം 9.61 കോടി ചെലവഴിച്ച് 11 മീറ്റർ വീതിയിൽ വലിയ പാലമായി പുനർ നിർമ്മിക്കുന്നു . അതോടെ ചെറുവള്ളി പൂവത്തോലി പ്രദേശത്തെ ജനങ്ങളുടെ ദുരിതയാത്രയ്ക്കു പരിഹാരമാവുകയാണ് . പാലത്തിന്റെ നിർമാണ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈൻ ആയി നിർവഹിച്ചു. ചടങ്ങിൽ ഗവ.ചീഫ് വിപ് എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ശിലാഫലക അനാഛാദനവും ചീഫ് വിപ്പ് നിർവഹിച്ചു.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയെയും മണിമല – പഴയിടം- ചേനപ്പാടി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് നിർമിക്കുന്നത്. പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മണിമല പഞ്ചായത്തിലെ 1,2,3 വാർഡുകളിൽ ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരമാകും. 2025 മെയ് മാസത്തോടെ പണികൾ പൂർത്തീകരിച്ച്, ഗതാഗതത്തിനായി പാലം തുറന്നുകൊടുക്കുവാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു.
ചെറുവള്ളി പള്ളിപ്പടിയിൽ നിന്നു പഴയിടം – മണിമല തീരദേശ റോഡിലെത്തുന്ന ഇറിഗേഷൻ വകുപ്പിന്റെ ചെറുവള്ളി പാലത്തിലൂടെയായിരുന്നു മണിമല പഞ്ചായത്തിലെ 1, 2,3 വാർഡുകളിൽ ഉൾപ്പെടുന്ന പൂവത്തോലി പ്രദേശത്തെ ജനങ്ങൾ മറുകര എത്തിയിരുന്നത്. 2021ലെ പ്രളയത്തിൽ പാലം പൂർണമായും തകർന്നു. ഇതോടെ മേഖലയിലെ ജനങ്ങളുടെ ദുരിതയാത്രയും തുടങ്ങി. ബസ് സർവീസ് ഇല്ലാത്ത മേഖലയിലെ ജനങ്ങൾ 3 വർഷമായി രണ്ടരകിലോമീറ്റർ ദൂരം ചുറ്റി കാൽനടയായോ, ഓട്ടോ ടാക്സികളിലോ ആണ് അക്കരെ പുനലൂർ മൂവാറ്റുപുഴ റോഡിലെത്തുന്നത്.
അക്കരെ കാണാൻ കഴിയുന്ന മൂലേപ്ലാവ് എസ്‌സിടിഎം യുപി സ്കൂൾ, ചെറുവള്ളി സെന്റ് മേരീസ് എൽപി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ 4 കിലോമീറ്റർ ചുറ്റിയാണ് സ്കൂളിലെത്തുന്നത്. ചിറക്കടവ്- മണിമല പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം വരുന്നതോടെ മേഖലയിലെ ജനങ്ങളുടെ ദുരിത യാത്രയ്ക്ക് അറുതിയാകും.
പ്രളയത്തിൽ തകർന്ന ഇറിഗേഷൻ വക നടപ്പാലത്തിനു പകരം പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വാഹന ഗതാഗതം സാധിക്കുന്ന തരത്തിലുള്ള വലിയ പാലമാണു നിർമിക്കുന്നത്.
9.61 കോടി ചെലവഴിച്ച് നിർമിക്കുന്ന പാലത്തിനു 11 മീറ്റർ വീതിയും 83 മീറ്റർ നീളവും ഉണ്ടാകും. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയും മണിമല – പഴയിടം തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് ഇതോടെ സാധ്യമാകുക.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുകേഷ് കെ. മണി (വാഴൂർ), അജിത രതീഷ് (കാഞ്ഞിരപ്പള്ളി), പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ.ശ്രീകുമാർ (ചിറക്കടവ്), ബിനോയ് വർഗീസ് ( മണിമല ), ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്തംഗം എമേഴ്സൺ ദേവസ്യ, പഞ്ചായത്തംഗങ്ങളായ അഭിലാഷ് ബാബു, മിനി മാത്യു, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എം.ടി. ഷാബു, അസിസ്റ്റന്റ് എൻജിനീയർ എ.ഹഫീസ് മുഹമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.എം.മാത്യു, പി.പി.ഇസ്മായിൽ, ഷെമീർ ഷാ, കെ.എച്ച്. റസാക്ക്, സെന്റ് മേരീസ് പള്ളി വികാരി ഫാ.അജി അത്തിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.