പത്തനംതിട്ടയിൽ നാലാം അങ്കത്തിന് ആന്റോ ആന്‍റണി; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി.

കാഞ്ഞിരപ്പള്ളി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യാണ് കേരളത്തിലെ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയ ശേഷം പട്ടിക തയ്യാറാക്കിയത്. പത്തനംതിട്ടയിൽ നാലാം അങ്കത്തിന് ആന്റോ ആന്‍റണി മത്സരിക്കുമെന്ന് തീരുമാനമായി.

പത്തനംതിട്ട ജില്ലയുടെ പേരിൽ ലോക്സഭാമണ്ഡലം ഇല്ലാതിരുന്ന പത്തനംതിട്ടയ്ക്ക് മണ്ഡലം അനുവദിച്ചപ്പോൾ ആദ്യം പ്രതിനിധിയായത് കോട്ടയംകാരൻ ആന്റോ ആന്‍റണി ആയിരുന്നു. 2009 ൽ ആയിരുന്നു ഇത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ആയിരുന്ന ആന്റോ അന്ന് മികച്ച ഭൂരിപക്ഷമായ 1,11,206 വോട്ടിനാണ് വിജയിച്ചത്. 2014 -ൽ മത്സരിച്ചപ്പോൾ ആന്റോയുടെ ഭൂരിപക്ഷം 56,191 ആയി കുറഞ്ഞു

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ശ്രദ്ധിക്കപ്പെട്ട മത്സരം ആയിരുന്നു പത്തനംതിട്ടയിൽ നടന്നത്. ആന്റോ ആന്‍റണി മൂന്നാം അങ്കത്തിനിറങ്ങിയപ്പോൾ നിയമസഭാംഗമായ വീണ ജോർജ് സിപിഎമ്മിനായി രംഗത്തിറങ്ങി 31 ശതമാനം വോട്ട് നേടി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ മത്സരിച്ചതോടെ പ്രധാനമന്ത്രി തന്നെ പ്രചാരണത്തിനും എത്തി. ഇതിലൂടെ എല്ലാം ബിജെപിയുടെ വോട്ട് 15 ശതമാനത്തിൽ നിന്ന് 28 ആയി ഉയർന്നു. ഇവിടെയും വീണ്ടും ഭൂരിപക്ഷം കുറഞ്ഞെങ്കിലും ആന്റോ ആന്റണി 44,243 വോട്ട് മുൻതൂക്കത്തിൽ ജയിച്ചു.

ബിജെപിയിൽ ചേക്കേറിയ പി സി ജോർജിന് പത്തനംതിട്ട സീറ്റ് ലഭിക്കാതെ വന്നതോടെ ,നാലാം അങ്കത്തിന് ഇറങ്ങുന്ന ആന്റോ ആന്റണി തികഞ്ഞ വിജയ പ്രതീക്ഷിയിലാണ് . എൽ ഡി എഫിന്റെ തോമസ് ഐസക്ക് ആണ് പ്രധാന എതിരാളി. ബിജെപിയുടെ യുവ സ്ഥാനാർഥി അനിൽ ആന്റണിയും ആന്റോ ആന്റണിക്ക് വെല്ലുവിളി ഉയർത്തിയേക്കും.

error: Content is protected !!