പത്തനംതിട്ടയിൽ ഇത്തവണയും ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങ് ഒരുങ്ങുന്നു.

14 ലക്ഷത്തിൽ അധികം വോട്ടർമാരുള്ള പത്തനംതിട്ട മണ്ഡലത്തിൽ യു ഡിഎഫ്, എൽഡിഎഫ്, എൻഡിഎ ത്രികോണ പോരാട്ടത്തിനാണ് ഇത്തവണയും അരങ്ങ് ഒരുങ്ങുന്നത് .

യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിംഗ് എംപി കോൺഗ്രസിലെ ആന്റോ ആന്റണി നാലാം ഊഴം തേടുമ്പോൾ, എൽഡിഎഫിൽനിന്ന് സിപി എം കേന്ദ്ര കമ്മിറ്റിയംഗം മുൻമന്ത്രി ഡോ. ടി. എം. തോമസ് ഐസക്കാണ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ബിജെപി കേന്ദ്ര വക്താക്കളിൽ ഒരാളായ അനിൽ ആന്റണിയെയാണ്. കോൺഗ്രസ് പ്രവർത്തക സമിതിയംഗമായ എ. കെ. ആന്റണിയുടെ മകനായ അനിൽ, അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടിയിട്ടുണ്ട്. വളരെ ശക്തമായ മത്സരം കാഴ്ചവയ്ക്കുവാൻ കഴിവുള്ള സ്ഥാനാർഥികൾ മൂവരും ഇതിനോടകം മണ്ഡലത്തിൽ സജീവമാണ്.

സ്ഥാനാർഥിത്വം പ്രഖ്യാപിക്കാത്തതിനാൽ എംപിയെന്ന നിലയിൽ പൊതു പരിപാടികളിൽ പങ്കെടുത്തു വരികയായിരുന്നു ആന്റോ ആന്റണി. ഇനി മുതൽ പ്രചാരണ പരിപാടികളുമായി രംഗത്തിറങ്ങും.

ഏറ്റവും ആദ്യം തെരഞ്ഞെടുപ്പു പ്രചാരണത്തി നിറങ്ങിയത് തോമസ് ഐസക്കാണ്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഖാമുഖം പരിപാടികളുമായി ഐസക്ക് സജീവമാണ്. പൊതു പരിപാടികളിലും തന്റെ സാന്നിധ്യം അദ്ദേഹം ഉറപ്പിക്കുന്നു. എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഔദ്യോഗികമായി രംഗപ്രവേശം ചെയ്തത്. ബിജെപിയുമായി ബന്ധപ്പെട്ട പരിപാടികളിലൂടെ പ്രവർത്തകരെ കണ്ട് പിന്തുണ തേടുന്ന തിരക്കിലാണ് അദ്ദേഹം.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ 14,08,771 വോട്ടർമാരാണ് നിലവിലുള്ളത്. 6,73,068 പുരുഷൻമാ രും 7,35,695 സ്ത്രീകളും എട്ട് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്

2009ൽ രൂപീകൃതമായ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ മൂന്നുതവണ നടന്ന തെരഞ്ഞെടുപ്പുകളിലും ആന്റോ ആന്റണിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കോട്ടയം മീനച്ചിൽ മൂന്നിലവ് സ്വദേശിയായ ആന്റോ ആന്റണി (66) വിദ്യാർഥി രാഷ്ട്രീയത്തിലൂ ടെയാണ് പൊതുരംഗത്തെത്തിയത്. കെഎസ് യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ നിർവാഹക സമിതിയംഗം, കോട്ടയം ഡിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എംപിയായിരിക്കേ പാർലമെന്റിലെ നിരവധി സമിതികളിൽ അംഗമായിരുന്നു. ഗ്രേസ് ആന്റോയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

സിപിഎമ്മിന്റെ തലമുതിർന്ന നേതാവും കേന്ദ്ര കമ്മിറ്റിയംഗവുമായ ഡോ. ടി.എം. തോമസ് ഐ സക്കിന് (71) ലോക്സഭയിലേക്ക് കന്നി അങ്കമാണിത്. മുമ്പ് നിയമസഭയിൽ മാരാരിക്കുളം, ആലപ്പുഴ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. രണ്ട് എ ൽഡിഎഫ് മന്ത്രിസഭകളിൽ ധനമന്ത്രിയായിരു ന്നു.

കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണ് ജനനം. സംസ്ഥാന ആസുത്രണ ബോർഡ്‌ അംഗം, ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ശില്പ‌ികളിലൊരാൾ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്നാണ് പിഎച്ച്ഡി സ്വന്തമാക്കിയത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെ ത്തിയ അദ്ദേഹം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റുമായിരുന്നു.

കേരളത്തിൽ ഇത്തവണ ബിജെപി സ്ഥാനാർഥികളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മുഖങ്ങളിലൊന്നാകും അനിൽ ആന്റണി (39)യുടേത്.

കോൺഗ്രസ് പ്രവർത്തക സമിതിയംഗമായ എ. കെ. ആന്റണിയുടെ മകനായ അനിൽ, ഏതാനും മാസങ്ങൾക്കു മുമ്പാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. നിലവിൽ ബിജെപി കേന്ദ്ര വക്താക്കളിലൊരാളാണ്.

കെപിസിസി ഡിജിറ്റൽ മീഡിയയുടെയും, എഐസിസി സോഷ്യൽ മീഡിയ സെല്ലിന്റെയും കൺവീനറായിരുന്നു. ഇൻഡസ്ട്രിയൽ എൻജിനീയറിംഗിൽ ബി.ടെക് ബിരുദധാരി. അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടിയിട്ടുണ്ട്.

error: Content is protected !!