കിണറ്റിൽ വീണ മ്ലാവിനെ കിണർ ഇടിച്ച് കര കയറ്റി രക്ഷപെടുത്തി

എരുമേലി : കിണറ്റിൽ വീണ മ്ലാവിനെ കരയിൽ കയറ്റാൻ മണിക്കൂറുകൾ നീണ്ട കഠിന പരിശ്രമം. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ അഗ്നിശമനസേനയും, വനം വകുപ്പിന്റെ സ്പെഷ്യൽ ഫോഴ്‌സും നടത്തിയ തീവ്രശ്രമം വിജയം കണ്ടത് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ. ഇന്നലെ പമ്പാവാലി എഴുകുംമണ്ണ് താഴോംപടിക്കല്‍ എബ്രഹാം മാത്യുവിന്റെ ഉപയോഗയോഗ്യമല്ലാത്ത കിണറ്റില്‍ ആണ് മ്ലാവ് വീണത്.

കിണറ്റിൽ മ്ലാവ് പരാക്രമവും കാട്ടിക്കൊണ്ടിരുന്നത് മൂലം ആക്രമണ സാധ്യത മുൻനിർത്തി കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്താനുള്ള ശ്രമം വേണ്ടെന്നു വെച്ചു. തുടർന്ന് ഫയർ ഫോഴ്‌സ് വലിയ കുട്ടയും കോവേണിയും ഇറക്കി ശ്രമിച്ചിട്ടും മ്ലാവ് കയറാൻ കൂട്ടാക്കിയില്ല. ഇതോടെ വനം വകുപ്പിന്റെ റാപ്പിഡ് ടീമിനെ വരുത്തി. ഇവർ സകല മാർഗവും പരീക്ഷിച്ചിട്ടും കരകയറ്റാനായില്ല. ഒടുവിൽ ഫയർ ഫോഴ്‌സും റാപ്പിഡ് റെസ്പോൺസ് ടീമും, വനപാലകരും, നാട്ടുകാരും ചേർന്ന് കിണറിന്റെ ഒരു വശം തൂമ്പയും കൈക്കോട്ടും കൊണ്ട് ഇടിച്ച് ചെരിച്ച് ചാൽ ഉണ്ടാക്കി തടിക്കഷണങ്ങൾ നിരത്തി പാത ഒരുക്കി. എന്നിട്ടും മ്ലാവ് കയറാൻ കൂട്ടാക്കിയില്ല. ആൾക്കൂട്ടം പരിസരത്ത് നിന്നും അൽപം മാറിയതോടെ മ്ലാവ് കരയിലേക്ക് കയറി ഓടി രക്ഷപ്പെട്ടു.

വന്യ ജീവികൾ നാട്ടിൽ ഇറങ്ങുന്നത് വർധിക്കുന്നത് തടയാൻ വനം വകുപ്പിന് കഴിയാത്തതിൽ പ്രതിഷേധമുയർന്നു. അഗ്നിശമനസേന സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ നൗഫൽ പി. എ യുടെ നേതൃത്വത്തിൽഫയർ റെസ്ക്യൂ ഓഫീസർമാരായ രാഹുൽ വി, വിൻസ് രാജ്, അനു എസ് യു, കെ സുരേഷ് ടി ഡി റെജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നു.ഫോറസ്റ്റ് ഓഫിസർ സുഗന്ധിയുടെ നേതൃത്വത്തില്‍ ഫയർ ഫോഴ്സ് ടീം, വനം വകുപ്പിന്റെ ടാസ്ക് ഫോഴ്സ് ടീം, ഇഡിസി പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു.

error: Content is protected !!