കടുവയെന്ന് ടാപ്പിങ് തൊഴിലാളി; കാട്ടുപൂച്ചയെന്ന് വനം വകുപ്പ്
കാഞ്ഞിരപ്പള്ളി ∙ പാറത്തോട് പഞ്ചായത്തിലെ പാലപ്ര ടോപ്പിൽ റബർത്തോട്ടത്തിൽ കടുവയെ കണ്ടതായി ടാപ്പിങ് തൊഴിലാളി. എന്നാൽ കടുവയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സ്ഥലത്ത് തിരച്ചിൽ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുലിയോടു സാദൃശ്യം തോന്നുന്ന കാട്ടുപൂച്ച (ജംഗിൾ ക്യാറ്റ് / ലെപ്പേർഡ് ക്യാറ്റ്) ആകാനാണ് സാധ്യതയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
തിരച്ചിലിൽ പുലിയുടെയോ കടുവയുടെയോ കാൽപാടുകൾ കണ്ടെത്താനായില്ല. എന്നാൽ കാട്ടുപന്നിയുടെ കാൽപാടുകളും മുള്ളൻ പന്നിയുടെ മടയും മുള്ളും മറ്റും തോട്ടത്തിൽ കണ്ടെത്തി.
ശനിയാഴ്ച പുലർച്ചെ 2.45നു റബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളി തിരുവനന്തപുരം സ്വദേശി ജോസഫാണ് തോട്ടത്തിൽ കടുവയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്.
പാട്ടത്തിനു ടാപ്പ് ചെയ്യുന്ന 20 ഏക്കർ റബർത്തോട്ടത്തിലെ തൊഴിലാളികളിൽ ഒരാളാണു ജോസഫ്. പഞ്ചായത്തംഗം അറിയിച്ചതനുസരിച്ച് എരുമേലി റേഞ്ച് ഓഫിസിനു കീഴിലെ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള ആറംഗ വനപാലക സംഘവും കാഞ്ഞിരപ്പള്ളി പൊലീസും സ്ഥലത്തെത്തി. രാവിലെ ഒന്നര മണിക്കൂറോളം സ്ഥലത്തും പരിസരങ്ങളിലും നടത്തിയ തിരച്ചിലിൽ കടുവയുടെയോ പുലിയുടെയോ കാൽപാടുകളോ മറ്റടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും സ്ഥലത്ത് വനപാലക സംഘത്തിന്റെ പട്രോളിങ് ഏർപ്പെടുത്തിയതായും റേഞ്ച് ഓഫിസർ കെ.ഹരിലാൽ അറിയിച്ചു.
റബർത്തോട്ടത്തിന്റെ സമീപ പ്രദേശങ്ങളിലൊന്നും വനാതിർത്തി ഇല്ല. അതിനാൽ പുലി, കടുവ പോലുള്ള വന്യമൃഗങ്ങൾ ഇവിടെ എത്താനുള്ള സാധ്യത കുറവാണെന്നും വനപാലകർ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത്, പഞ്ചായത്തംഗം കെ.പി.സുജീലൻ എന്നിവരും സംഭവ സ്ഥലത്ത് എത്തിയിരുന്നു .
നാട്ടുകാർ ഭീതിയിൽ
പാറത്തോട് പഞ്ചായത്തിലെ പാലപ്ര ടോപ്പിൽ കടുവയെ കണ്ടെന്ന അഭ്യൂഹം നാട്ടിൽ ഭീതി പരത്തി. എന്നാൽ കടുവയോ പുലിയോ അല്ലെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പിച്ചു പറയുന്നതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. പ്രദേശത്ത് 2 ദിവസത്തേക്കു വനം വകുപ്പിന്റെ പട്രോളിങ്ങും ഏർപ്പെടുത്തി.പാലപ്ര ടോപ്പ് കൂടാതെ വേങ്ങത്താനം എസ്റ്റേറ്റ്, പഴൂത്തടം, പഴുമല, മാങ്ങാപ്പാറ, പറത്താനം, മാളിക എന്നിവിടങ്ങളിൽ കാട്ടുപന്നി, കുറുക്കൻ, മുള്ളൻപന്നി എന്നിവയുടെ ശല്യവും വർധിച്ചതായി നാട്ടുകാർ പറയുന്നു.
വന്യമൃഗങ്ങൾ കൃഷികൾ നശിപ്പിക്കുന്നതിനു പുറമേ കൃഷിയിടങ്ങളിലെ മണ്ണും കല്ലും കുത്തിമറിക്കുകയാണെന്നു കർഷകർ പറയുന്നു. വാഴ, ചേന, ചേമ്പ്, കപ്പ തുടങ്ങിയ കൃഷികളിൽ നിന്നു കർഷകർ പിൻവാങ്ങി. പുലർച്ചെ വഴിയിലും പറമ്പിലും ഇറങ്ങാൻ നാട്ടുകാർക്കു ഭയമാണ്. കാൽനടക്കാരെയും ഇരുചക്ര വാഹനയാത്രികരെയും ഇവ ആക്രമിക്കാൻ എത്തുന്നതായി നാട്ടുകാർ പറയുന്നു.