ട്രാൻസ്ഫോമർ കൊണ്ട് അധികൃതരുടെ തീക്കളി ; ട്രാൻസ്ഫോമർ സ്ഥാപിച്ചത് കൈ നീട്ടിയാൽ തൊടാനാകുന്ന ഉയരത്തിൽ, എർത്ത് ലൈൻ കാനയിൽ
കോരുത്തോട് ∙ റോഡരികിൽ അപകട സാധ്യതയായി നിലനിൽക്കുകയാണ് കുഴിമാവ് റോഡിൽ ഇടുക്കി തോടിനു സമീപമുള്ള ട്രാൻസ്ഫോമർ. മാറ്റിസ്ഥാപിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ ഒന്നുമില്ല.
പഞ്ചായത്ത് പ്രദേശത്തെ റോഡരികിലുള്ള മറ്റു ട്രാൻസ്ഫോമറുകൾക്കെല്ലാം സംരക്ഷണവേലി ഉണ്ടെങ്കിലും ഇവിടെ മാത്രമില്ല. റോഡിനോട് ചേർന്നു നിലകൊള്ളുന്നതു കാരണം ആളുകൾ കൈ നീട്ടിയാൽ ട്രാൻസ്ഫോമറിൽ തൊടാനാകും എന്ന നിലയിലാണ്. വെള്ളം ഒഴുകുന്ന കാനയുടെ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ട്രാൻസ്ഫോമറിൽ നിന്നുള്ള എർത്ത് കമ്പി കൊടുത്തിരിക്കുന്നത് ഇൗ കാനയിലേക്കാണ്. മഴക്കാലത്ത് വെള്ളം നിറഞ്ഞ് റോഡിലൂടെ ഒഴുകുന്നതും പതിവാണ്. എർത്ത് ലൈൻ വഴി വൈദ്യുതി വെള്ളത്തിലേക്ക് കടന്നാൽ വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മുൻപ് ഫ്യൂസുകൾ എല്ലാം തുറന്ന നിലയിലായിരുന്നെങ്കിലും ഇപ്പോൾ ഇവ അടച്ചു എന്നുള്ളത് മാത്രമാണ് ആശ്വാസം.
എംഎൽഎ ഉൾപ്പെടെയുള്ള ആളുകളെ സ്ഥലത്ത് എത്തിച്ച് അപകട സാധ്യത ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കാൻ വൈദ്യുതി വകുപ്പിന് അധികൃതർ നിർദേശം നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കുന്ന സ്ഥലം സംബന്ധിച്ച പ്രശ്നങ്ങളാകാം തടസ്സമാകുന്നതെന്നു കരുതുന്നു.