ബിജുവിന്റെ മരണം : ശല്യക്കാരായ കാട്ടാനകളെ പിടികൂടണമെന്ന് ഡോ. തോമസ് ഐസക്ക്.

കണമല : ശല്യക്കാരായ കാട്ടാനകളെ പിടികൂടി ആനക്കൊട്ടിലിലോ സഫാരി പാർക്കിലോ ബന്ധവസ്ഥമാക്കണമെന്ന് പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്ക്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ തുലാപ്പള്ളി പുളിയൻകുന്നുമല കുടിലിൽ ബിജുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രദേശത്തെ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബിജുവിന്റെ മരണത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായി പരമാവധി കുത്തിത്തിരിപ്പുണ്ടാക്കാൻ യുഡിഎഫ് ശ്രമിച്ചെന്ന് തോമസ് ഐസക്ക് പറഞ്ഞു. മൃതദേഹം സ്ഥലത്തുനിന്നും എടുക്കാൻ സമ്മതിക്കാതെ തടയാൻ ശ്രമിച്ചു. ധനസഹായം നൽകാതെ സംസ്കാരം അനുവദിക്കില്ലെന്നു ബഹളംകൂട്ടി. വീട്ടിലെത്തിയ പ്രതിപക്ഷനേതാവിനോടും മറ്റും ബിജുവിന്റെ ഭാര്യ ഡെയ്സി പറഞ്ഞത് ഞങ്ങളുടെ എംഎൽഎ പറയുന്നതുപോലേ ചെയ്യൂ എന്നാണ് അത്രയ്ക്ക് വിശ്വാസമാണ് എംഎൽഎ പ്രമോദ് നാരായണനെയെന്ന് തോമസ് ഐസക്ക് പറഞ്ഞു.

പന്നിയേയും മറ്റും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കൊല്ലുവാൻ കൃഷിക്കാരെ അനുവദിക്കണം. കാട്ടിൽ മൃഗങ്ങൾക്കു വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തണം. കടലാക്രമണം തടയുന്നതിനുവേണ്ടി ചെയ്യുന്നതുപോലെ മൃഗശല്യമുള്ള വനാതിർത്തികളിൽ ഉചിതമായ പ്രതിരോധം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ബിജു പരോപകാരിയായിരുന്നു. വന്യമൃഗ ആക്രമണംമൂലം ഈ പ്രദേശത്തെ പല വീടുകളും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. ബിജുവിന്റെ കൊച്ചുകുടുംബത്തിന്റെ ദു:ഖം ഒരിക്കലും തീരില്ല. അസാമാന്യ ധൈര്യത്തോടെ ഇവർ ഈ ദുരന്തത്തെ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. റാന്നി എംഎൽഎ പ്രമോദ് നാരായണനും ഇടതുപക്ഷ നേതാക്കളുമായാണ് തോമസ് ഐസക്ക് ബിജുവിന്റെ വീട് സന്ദർശിച്ചത്.

error: Content is protected !!