ദേശീയ സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ അമൽ ജ്യോതിക്ക് മിന്നും വിജയം
കാഞ്ഞിരപ്പള്ളി : ഹിന്ദുസ്ഥാൻ ഇന്നോവെറ്റീവ് പ്രോഡക്ട് ഡെവലപ്പ്മെന്റ് സൊസൈറ്റിയും (HIPDS) സൊസൈറ്റി ഫോർ സയൻസ് , ടെക്നോളജി, മാനേജ്മെന്റ് ആൻഡ് ഹുമാനിട്ടീസ് സംയുക്തമായി സംഘടിപ്പിച്ച സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ ” ടീം സ്റ്റെല്ലാർ ” ഉജ്ജ്വലവിജയം നേടി.
മാർച്ച് 27 മുതൽ 31 വരെ കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ടെ ക്നോളജിയിൽ വച്ച് ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ചാമ്പ്യൻഷിപ്പിൽ അമൽ ജ്യോതി ടീം മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിൽ വിജയികളായി. ബെസ്റ്റ് മോട്ടോർ മാൻ, ആക്സലറേഷൻ വിഭാഗം, മാനുവരബിലിറ്റി വിഭാഗം എന്നിവയിലാണ് അമൽ ജ്യോതി ടീം ഒന്നാം സ്ഥാനം നേടിയത്.
കോളജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അനീഷ് ആറിന്റെ നേതൃത്വത്തിൽ, ആൽഫിൻ ജി അലക്സ് ( ടീം ക്യാപ്റ്റൻ), അബിജിത്ത് എസ് ( വൈസ് ക്യാപ്റ്റൻ), എബിൻ റെജി ( ടീം മാനേജർ),പ്രശോഭ് എൻ പി ( ഇലക്ട്രിക്കൽ ഹെഡ്), ആൽബിൻ ജോൺ, പ്രിൻസ് ജോർജ്, ഗൗതം വി എസ്, പവൻ കുമാർ, ആൽവിൻ ജോർജ് തുടങ്ങി 35 പേര് ചേർന്ന ടീം ആണ് സോളാർ വാഹന നിർമ്മാണം പൂർത്തിയാക്കിയത്.
ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിലെ 31 ടീം ആണ് ചാമ്പ്യൻഷിപ്പിൽ രജിസ്റ്റർ ചെയ്തത്. കേരളത്തിൽ നിന്നും പങ്കെടുത്ത രണ്ട് ടീമുകളിൽ ഒന്ന് അമൽ ജ്യോതിയുടെ ടീം സ്റ്റെല്ലാർ ആണ്. അമൽ
ജ്യോതിയിലെ മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് ടീം അംഗങ്ങൾ.
ദേശീയ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം കരസ്ഥമാക്കി തിരിച്ചെത്തിയ ടീം സ്റ്റെല്ലാറിനെ കോളേജ് മാനേജ്മെന്റ് വലിയ സ്വീകരണം നൽകി അനുമോദിച്ചു
. അനുമോദനചടങ്ങിൽ കോളേജ് മാനേജർ ഫാ. ഡോ. മാത്യൂ പായിക്കാട്ട്, ഡയറക്ടർ ഡോ. സെഡ്. വി. ളാകപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് കോഓർഡിനേറ്റർ ഫാ. ജിൻസ് അരക്കപറമ്പിൽ, ഡീൻ അക്കാദമിക്സ് ഡോ. ബിനു സി
എൽദോസ്, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. റോഷൻ കുരുവിള, ഓട്ടോമൊബൈൽ വിഭാഗം മേധാവി ഡോ. അജിത്ത് കുമാർ ജെ. പി എന്നിവർ സംബന്ധിച്ചു.