കടന്നൽ ആക്രമണം വ്യാപകം

എരുമേലി : റബർ ടാപ്പിങ്ങിനിടെ കടന്നലുകൾ കിലോമീറ്ററുകളോളം ഓടിച്ചിട്ട് കുത്തിയ സംഭവമാണ് അടുത്തിടെ എരുമേലിയിൽ നടന്നത്. പൂവത്തുങ്കൽ എസ്റ്റേറ്റിൽ റബർ ടാപ്പിങ്ങിനു പോയ മേത്താനത്ത് ജോയിക്കുട്ടി (52), ഇടകടത്തി കളളുഷാപ്പിലെ ചെത്തുതൊഴിലാളി മുണ്ടക്കയം സ്വദേശി ബിജു എന്നിവർക്കാണ് കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. ജോയിക്കുട്ടി റബർ ടാപ്പ് ചെയ്തിരുന്ന സമയം കടന്നൽ കൂട്ടമായി ആക്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോയിക്കുട്ടിയെ എരുമേലി പേരൂർത്തോട് റോഡിനു സമീപം വീണുപോകുന്ന അവസ്ഥയിൽ കണ്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ വാഹനവുമായി എത്തി സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പനയുടെ മുകളിൽ വച്ച് കടന്നൽ ആക്രമിച്ചാൽ എന്ത് ചെയ്യും? ഭാഗ്യമുണ്ടേൽ ജീവൻ തിരിച്ചു കിട്ടുമെന്ന് ചെത്ത് തൊഴിലാളിയായ ബിജു പറയും. ബിജു കള്ളുചെത്താൻ പനയിൽ കയറിയപ്പോൾ പനയിലുള്ള കടന്നൽക്കൂട്ടം ആക്രമിച്ചു. പനയിൽ നിന്ന് വെപ്രാളത്തിൽ ഇറങ്ങിയോടി തൊട്ടടുത്തുള്ള ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിൽ അവശനിലയിൽ എത്തുകയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വന്തം കാറിൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.എരുമേലി നഗരത്തിലും കടന്നൽക്കൂടുകൾ ജനങ്ങൾക്ക് ഭീഷണിയാണ്. പേട്ടതുള്ളൽ പാതയിലെ ബഹുനിലക്കെട്ടിടത്തിനു മുകളിലും കൊരട്ടി പാലത്തിന് അടിയിലുമാണ് വലിയ കടന്നൽക്കൂടുകൾ ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നത്.

error: Content is protected !!