മാലിന്യങ്ങൾ നീക്കാതെ എരുമേലി ; കഴിഞ്ഞ തീർഥാടനകാലം മുതലുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു .

എരുമേലി ∙ ശബരിമല വിഷു ദർശനത്തിനായി എരുമേലിയിൽ തീർഥാടക തിരക്ക് വർധിച്ചെങ്കിലും മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ലെന്ന് പരാതി. ക്ഷേത്രത്തിനു മുന്നിലെ വലിയതോട്ടിൽ കഴിഞ്ഞ തീർഥാടനകാലം മുതലുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. തീർഥാടകർ ക്ഷേത്രക്കടവിൽ ഉപേക്ഷിച്ച ടൺ കണക്കിനു തുണികളാണ് 4 മാസമായി തോടിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്. തോട്ടിൽ മണലും ചേറും നിറഞ്ഞതുമൂലം പുല്ല് വളർന്ന നിലയിലാണ്. തോടിനു സമീപത്തെ ഷവർ ബാത്താണ് തീർഥാടകർ കുളിക്കാനായി ഉപയോഗിക്കുന്നത്.

തോട്ടിൽ തന്നെ കുഴി കുത്തിയാണ് ഷവർ ബാത്തിലേക്കുള്ള വെള്ളം പമ്പിങ് നടത്തുന്നത്. വലിയ തോട്ടിൽ വ്യാപകമായ മാലിന്യം നിറഞ്ഞിട്ടും ശുചിയാക്കുന്നതിനു ദേവസ്വം ബോർഡോ സർക്കാരോ സന്നദ്ധ സംഘടനകളോ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. പാർക്കിങ് മൈതാനത്ത് ഏതാനും ദിവസങ്ങളായി മാലിന്യം കുന്നു കൂടുന്നുണ്ട്. ഇത് നീക്കം ചെയ്യാനും നടപടി വൈകുകയാണ്.

error: Content is protected !!