അസാധാരണ ചൂട് ; നാട് ചുട്ടു പൊള്ളുന്നു; സൂക്ഷിക്കണം സൂര്യാതപം

കാഞ്ഞിരപ്പള്ളി : വേനൽച്ചൂട് കനത്തതോടെ നാടാകെ ചുട്ടുപൊള്ളുകയാണ് . സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവപ്പെടുന്നത് അസാധാരണമായ ചൂട്. ഈ സ്ഥിതി ഈ ആഴ്ച കൂടി തുടർന്നേക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കോട്ടയം ജില്ലയിൽ 38.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത് . ഇത് സാധാരണയിലും 4.6 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുതലാണ്. കോട്ടയം ജില്ലയിൽ ഇന്നലെ മുതൽ മേയ് 2 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. സൂര്യാതപം ഏൽക്കാനുള്ള സാഹചര്യം കൂടുതലാണെന്നും പകൽ സമയം പുറത്തിറങ്ങുന്നതു പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കൊല്ലം ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ഇന്നും താപനില ഉയരാൻ സാധ്യത. അതിജാഗ്രത പുലർത്തേണ്ട സാഹചര്യത്തിൽ ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഇന്നലെ മുതൽ മേയ് 2 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും.

സംസ്ഥാനത്ത് ഉഷ്ണതരംഗം പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ്. സൂര്യാതപം ഏൽക്കാനുള്ള സാഹചര്യം കൂടുതലാണെന്നും പകൽ സമയം പുറത്തിറങ്ങുന്നതു പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

∙ ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാ പുറംജോലികളും കായിക വിനോദങ്ങളും മറ്റു പ്രവർത്തനങ്ങളും പൂർണമായി നിർത്തിവയ്ക്കണം.

∙ ധാരാളം വെള്ളം കുടിക്കണം.

∙ നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയം ഒഴിവാക്കണം.

∙ പുറത്തിറങ്ങുന്നെങ്കിൽ കുടയും പാദരക്ഷയും ഉപയോഗിക്കുക.

∙ കായികാധ്വാനമുള്ള ജോലി ചെയ്യുന്നവർ കൃത്യമായി ഇടവേളകൾ എടുക്കുക.

error: Content is protected !!