നാടിന്റെ പ്രിയഗുരുനാഥന് കണ്ണീരോടെ വിട..

എലിക്കുളം: കഴിഞ്ഞ ദിവസം നിര്യാതനായ, എലിക്കുളം എം.ജി.എം.യു.പി.സ്‌കൂളിലെ റിട്ട.പ്രഥമാധ്യാപകൻ പി.എൻ. പ്രദീപ്കുമാറിന് ആദരാഞ്ജലി അർപ്പിച്ച് നാട്. 35 വർഷത്തിലേറെയുള്ള അധ്യാപനത്തിലൂടെ പുസ്തകങ്ങളെയും കലകളെയും സ്‌നേഹിക്കാൻ തലമുറകളെ പ്രാപ്തമാക്കി. 15 വർഷത്തിലേറെയായി കാഞ്ഞിരപ്പള്ളി ഉപജില്ലാകലോത്സവത്തിൽ യു.പി.വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ എം.ജി.എം.സ്‌കൂളിനെ പ്രാപ്തമാക്കിയത് ഇദ്ദേഹത്തിന്റെ സംഘാടകമികവാണ്.

എലിക്കുളം ലൈബ്രറിയുടെ മുൻ വൈസ്പ്രസിഡന്റുകൂടിയായ ഇദ്ദേഹം കുട്ടികളിൽ വായനശീലം വർധിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു. ആയിരം പുസ്തകം ലൈബ്രറിയിൽ നിന്നെത്തിച്ച് വിദ്യാർഥികളുടെ വായനക്കായി നൽകി അവരെ പ്രകാശത്തിലേക്ക് നയിച്ചു . ഇവ തിരികെ ലൈബ്രറിയിൽ നൽകുമ്പോൾ വീണ്ടും ആയിരം പുസ്തകം എത്തിക്കുമായിരുന്നു .

എലിക്കുളം ലൈബ്രറിയിൽ ഓരോ വർഷവും പുസ്തകങ്ങൾ വാങ്ങുമ്പോൾ സ്‌കൂൾ വിദ്യാർഥികളുടെ വായനാഭിരുചി കൂടി പരിഗണിച്ചിരുന്നുവെന്ന് ലൈബ്രറി പ്രസിഡന്റ് സി.മനോജ് മഠത്തിൽ, സെക്രട്ടറി ബി.അനിരുദ്ധ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.ആർ.മന്മഥൻ എന്നിവർ പറഞ്ഞു. എലിക്കുളം എൻ.എസ്.എസ്.കരയോഗം മുൻപ്രസിഡന്റായ പ്രദീപ്കുമാർ പെരുമ്പോഴിപ്പുറത്ത് കുടുംബയോഗത്തിന്റെ പ്രഥമസെക്രട്ടറിയായിരുന്നു. എലിക്കുളം അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡംഗമായിരുന്നു.

error: Content is protected !!