KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗവി വീണ്ടും തുറന്നു; മെയ് മാസം മുഴുവനും ഗവി സ്പെഷ്യൽ ഉല്ലാസ യാത്രകൾ ഒരുക്കി KSRTC

എരുമേലി : ദിവസങ്ങളായി അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രമായ ഗവി വീണ്ടും തുറന്നിരിക്കുകയാണ്. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു കഴിഞ്ഞു. കടുത്ത വേനലില്‍ നിന്ന് രക്ഷതേടിയുള്ള യാത്രകള്‍ക്കായി ഏറെപ്പേർ ഗവിയിലേക്ക് യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞു. . ബഡ്‌ജറ്റ്‌ ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്ന് മെയ് ഒന്ന് മുതൽ 31 വരെയാണ് ഗവി സ്പെഷ്യൽ ഉല്ലാസ യാത്രകൾ ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ ചെലവിൽ സുരക്ഷിതവും സുന്ദരവുമായ ഉല്ലാസ യാത്രകൾക്കാണ് അവസരമൊരുക്കുന്നതെന്നും കെഎസ്ആർടിസി അറിയിച്ചു.

വനമേഖലയില്‍ കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പ് ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇത് നീണ്ടു പോയതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വേനലവധി ആരംഭിച്ചിട്ടും ഗവി അടഞ്ഞു കിടക്കുന്നതിനെതിരെ പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. സഞ്ചാരികളുടെ വരവ് നിലച്ചത്, ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കിയിരുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പാക്കേജുകളില്‍ ഏറ്റവും ജനപ്രിയ പാക്കേജ് കൂടിയാണ് ഗവി. കുറഞ്ഞ കാലത്തിനിടെ ആയിരത്തോളം ട്രിപ്പുകളാണ് ഗവിയിലേക്ക് കെ.എസ്.ആര്‍.ടി.സി നടത്തിയത്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തുന്ന രീതിയിലാണ് ട്രിപ്പുകള്‍. പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ് നിരക്ക്. അണക്കെട്ടുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് കൊച്ചുപമ്പയില്‍ ബോട്ടിങ്ങും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പരുന്തുംപാറ കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തും.

കേരളത്തിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ഗവിയിലേക്ക് ട്രിപ്പുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ മേഖലകളില്‍ നിന്നെത്തുന്നവരെ പത്തനംതിട്ടയിലെത്തിച്ച്, അടുത്തദിവസം ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുന്നത്. ഗവിയിലേക്കുള്ള യാത്രയില്‍ സീതത്തോട് കൊച്ചാണ്ടിയില്‍നിന്നാണ് കാഴ്ചകള്‍ തുടങ്ങുന്നതെന്ന് ബജറ്റ് ടൂറിസം സെല്‍ ജീവനക്കാര്‍ പറയുന്നു. പിന്നീടങ്ങോട്ട് 60 കിലോമീറ്റര്‍ വനയാത്രയാണ്. കക്കിസംഭരണി പിന്നിട്ടാല്‍ ആനക്കൂട്ടം മേഞ്ഞുനടക്കുന്ന കുന്നുകള്‍ കാണാനാകും. കാട്ടുപോത്തുകള്‍, പുള്ളിമാനുകള്‍, കടുവ, പുലി തുടങ്ങിയവയെയും യാത്രാമധ്യേ കാണാനാകും.

ഗവി തുറന്നതോടെ എല്ലാ യൂണിറ്റുകളില്‍ നിന്നുള്ള ഗവി ട്രിപ്പുകളുടെ വിശദാംശങ്ങള്‍ കെ.എസ്.ആര്‍.ടി.സി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

error: Content is protected !!