KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങളുമായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാമത് രൂപതാദിന ഒരുക്കങ്ങള്‍ക്കായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം സജ്ജമായി. രൂപതാദിനാചരണ പരിപാടികള്‍ക്ക് ആതിഥ്യം വഹിക്കുന്ന എരുമേലി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികളും വൈദികരും സന്യാസ്തരും സംഘടന പ്രതിനിധികളുമുള്‍പ്പെടുന്നതാണ് നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം. മെയ് 13, തിങ്കളാഴ്ച്ച നടത്തപ്പെടുന്ന രൂപതാദിനാചരണം, അതിനൊരുക്കമായി നടത്തപ്പെടുന്ന വിവിധ പരിപാടികള്‍ എന്നിവയുടെ ഏകോപനത്തിനായി തയ്യാറായിരിക്കുന്ന വോളണ്ടിയര്‍ ടീം സംഗമം എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടത്തപ്പെട്ടു. ജനറല്‍ കണ്‍വീനറും എരുമേലി ഫൊറോന വികാരിയുമായ ഫാ. വര്‍ഗ്ഗീസ് പുതുപ്പറമ്പില്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.

മെയ് 13, തിങ്കളാഴ്ച്ച നടത്തപ്പെടുന്ന രൂപതാദിനാചരത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശിഷ്ടാതിഥിയായിരിക്കും. മെയ് 11, ശനിയാഴ്ച്ച നടത്തപ്പെടുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനോയി കരിമരുതുങ്കല്‍ നയിക്കും. എരുമേലി ഫൊറോനയിലെ പാരിഷ് കൗണ്‍ലംഗങ്ങള്‍ക്കും കുടുംബക്കൂട്ടായ്മ ലീഡേഴ്‌സിനുമായി മെയ് 12, ഞായറാഴ്ച്ച സംഘടിപ്പിക്കുന്ന സംഗമം കോട്ടയം പൗരസ്ത്യ വിദ്യാപീഠം സഭാനിയമ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോസഫ് കടുപ്പില്‍, ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ നയിക്കും. രൂപതാദിനമായ മെയ് 12, ഞായറാഴ്ച്ച രൂപതയിലെ എല്ലാ ഇടവകകളിലും രൂപതാദിന പതാക ഉയര്‍ത്തും. രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന രൂപതാദിനാചരണ പ്രതിനിധി സംഗമം മെയ് 13, തിങ്കളാഴ്ച്ചയാണ് നടത്തപ്പെടുന്നത്.

വോളണ്ടിയര്‍ ടീം സംഗമത്തില്‍ വൈദികര്‍, എരുമേലി ഫൊറോനയിലെ ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയര്‍ ടീമംഗങ്ങള്‍, സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!